ന്യൂഡൽഹി
പരിസ്ഥിതിലോല മേഖല വനപരിധിക്കുള്ളിലേക്ക് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ എന്നിവർ കേന്ദ്ര എംപവേർഡ് കമ്മിറ്റി ചെയർമാന് നിവേദനം നൽകി. ബഫർ സോൺ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും ഇരുവരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടം, വീട്, കച്ചവടസ്ഥാപനം, കൃഷിഭൂമി എന്നിവയുടെ കണക്കെടുപ്പ് നടത്തിയേ പരിസ്ഥിതിലോല മേഖലയുടെ കരട് നിർദേശംപോലും തയ്യാറാക്കാവൂവെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അതിനാൽ ആദ്യം കണക്കെടുപ്പ് വേണം. കേരള കോൺഗ്രസ്(എം) പ്രദേശത്ത് നടത്തിയ പഠനറിപ്പോർട്ട് ചെയർമാന് സമർപ്പിച്ചു. കസ്തൂരി രംഗൻ മാതൃകയിൽ രൂപീകരിക്കുന്ന പഞ്ചായത്തുതല സമിതികളിൽ റവന്യു, വനം, സർവേ, തദ്ദേശ വകുപ്പുകളെ ഉൾപ്പെടുത്തണം.
സമിതിക്ക് സർവേ നടത്താൻ സുപ്രീംകോടതിയിൽനിന്ന് മൂന്നുമാസം സമയമനുവദിക്കാൻ ഇടപെടണം. കർഷകരെ സംരക്ഷിക്കുന്ന എൽഡിഎഫ് സർക്കാർ വൈകാതെ കമീഷനെ സമീപിക്കും. വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ജോസ് കെ മാണി പറഞ്ഞു.