തിരുവനന്തപുരം
പ്രത്യേക വിഷയങ്ങളിൽ ഉന്നത യോഗ്യതയുള്ളവരെ കണ്ടെത്താനാകാത്തതിനാൽ കേരള സർവകലാശാല 42 അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പുനർവിജ്ഞാപനം നടത്തി. 53 അസി. പ്രൊഫസർ, 17 അസോസിയറ്റ് പ്രൊഫസർ, 12 പ്രൊഫസർ തസ്തികകളിലേക്ക് നേരത്തേ വിജ്ഞാപനം നടത്തി നിയമന നടപടി പൂർത്തിയാക്കിയിരുന്നു. എന്നാൽ, അന്ന് സർവകലാശാല ആഗ്രഹിക്കുന്ന വിധം എല്ലാ തസ്തികയിലേക്കും ഉന്നത യോഗ്യതയുള്ളവരെ കണ്ടെത്താനായില്ല. തുടർന്നാണ് പുനർവിജ്ഞാപനം വേണ്ടിവന്നത്. 81 പേരെയാണ് അഞ്ചുവർഷത്തിനിടെ ഇവിടെ നിയമിച്ചത്. ഒരു നിയമനത്തിൽപ്പോലും ആരും പരാതി ഉന്നയിച്ചിട്ടില്ല.
കേരളത്തിലെ സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരെയാണ് നിയമിക്കുന്നതെന്ന പ്രചാരണം പൊളിക്കുന്നതാണ് നിയമനങ്ങളിലെ ഈ വസ്തുതകൾ. കേരളത്തിലെ വിവിധ സർവകലാശാലകളിലായി 650ലധികം അധ്യാപകരെ നിയമിച്ചതും സമാന മാനദണ്ഡങ്ങളിലാണ്. മികച്ച അധ്യാപകരുടെയും ഗവേഷണങ്ങളുടെയും പഠനാന്തരീക്ഷത്തിന്റെയും ഫലമായാണ് നാക്, എൻഐആർഎഫ് റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകൾ മികച്ച നിലയിലേക്ക് മുന്നേറിയത്. ഇതേ റാങ്കിങ്ങിൽ അടുത്ത കാലംവരെ മുന്നിലുണ്ടായിരുന്ന ബംഗളൂരു, മൈസൂരു സർവകലാശാലകൾ ഏറ്റവും പിന്നിൽ പോയതും 2021–-22 ലാണ്. ഇക്കാരണത്താൽ കൂടിയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയ്ക്കെതിരായ പ്രചാരണമെന്നും പറയുന്നു.