കൊച്ചി
രാഷ്ട്രീയശത്രുക്കളെ കൈകാര്യം ചെയ്യാനുള്ള ഉപകരണം മാത്രമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ബിജെപി മാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിബിഐ കേസുകളിൽ 50 ശതമാനത്തിൽ ശിക്ഷ ലഭിക്കുമ്പോൾ, ഇഡി എടുക്കുന്ന കേസുകളിൽ അരശതമാനത്തിൽ മാത്രമാണ് കോടതികൾക്ക് ശിക്ഷ വിധിക്കാൻ കഴിയുന്നത്. പ്രതിപക്ഷ കക്ഷികളെ കരിവാരിത്തേക്കാൻ കേന്ദ്രസർക്കാർ അന്യായമായി കേസ് എടുക്കുന്നതുകൊണ്ടാണിത്. കേസെടുത്തും ചോദ്യംചെയ്തും പുകമറ സൃഷ്ടിക്കലാണ് അവരുടെ ലക്ഷ്യം. ഡൽഹിയിലും രാജ്ഭവനുമുന്നിലും ഇഡിക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് കേരളത്തിൽ ചുവപ്പുപരവതാനി വിരിക്കുകയാണെന്നും എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്ത് കാനം പറഞ്ഞു.
‘രണ്ടു മഹാപ്രളയവും കോവിഡും ബുദ്ധിമുട്ടിച്ചപ്പോൾ ജനങ്ങളെ ചേർത്തുപിടിച്ച് കേരള സർക്കാർ ആശ്വാസംപകർന്നു. ഇന്ത്യയിലെ പ്രതികൂല സാഹചര്യങ്ങളിലും കേരളം സാമൂഹ്യസുരക്ഷയിൽ ലോകത്തിനുതന്നെ ബദൽമാതൃകയാണ്. കേന്ദ്രസർക്കാരിന്റെ ഒരുസഹായവും ഇല്ലാതെയാണിത്. അതാണ് ജനങ്ങൾ എൽഡിഎഫിന് തുടർഭരണം നൽകിയത്.
ഇത് സഹിക്കാനാകാത്ത പ്രതിപക്ഷവും ചില മാധ്യമങ്ങളും കഴിഞ്ഞ സർക്കാരായിരുന്നു മികച്ചതെന്നു പറയുന്നുണ്ട്. ഇവരൊക്കെ മന്ത്രിമാരാണോയെന്ന് അന്ന് ചോദിച്ചവർ ഇന്ന് വാഴ്ത്തുന്നതിന്റെ അർഥം ഞങ്ങൾക്കറിയാമെന്നും -കാനം പറഞ്ഞു.