തിരുവനന്തപുരം
മുൻകൂർ തുക കൈപ്പറ്റിയിട്ടും പദ്ധതികൾ നടപ്പാക്കാതിരുന്ന ഏജൻസികളിൽനിന്ന് ടൂറിസം വകുപ്പ് പണം തിരിച്ചുപിടിക്കും. തുടങ്ങിയിട്ടില്ലാത്തതും വർഷങ്ങളായി പൂർത്തീകരിക്കാത്തതുമായ പദ്ധതികൾക്കായി ചെലവഴിച്ചത് 33 കോടി രൂപയാണ്. മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പരിശോധനയിലാണ് ഗുരുതരപിഴവ് ശ്രദ്ധയിൽപ്പെട്ടത്. 2006 മുതലുള്ള പദ്ധതികളാണ് പരിശോധിച്ചത്. ഭരണാനുമതി ലഭിച്ച് മൂന്നുവർഷത്തിനകം പദ്ധതി പൂർത്തീകരിക്കണം.
അല്ലെങ്കിൽ വീണ്ടും അനുമതി തേടണം. ഡിടിപിസി, സിഡ്കോ, കിറ്റ്കോ, നിർമിതികേന്ദ്ര, മറ്റ് ഏജൻസികൾ വഴിയുള്ള പദ്ധതികളിലാണ് വീഴ്ച. പത്തനംതിട്ട പോളച്ചിറ കായൽ പദ്ധതി, ശബരിമലയിൽ പുണ്യദർശന സമുച്ചയ നിർമാണം, തൃശൂർ വാഴാനി ഡാം മ്യൂസിക്കൽ ഫൗണ്ടേഷൻ, അടൂർ നെടുംകുന്നുമ്മൽ ടൂറിസം കേന്ദ്രം വികസനം, അരുവിക്കര ടൂറിസം പദ്ധതികൾ എന്നിവ ഉപേക്ഷിച്ചതാണെന്നും മുൻകൂർ തുക കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തിയതായി സൂചനയുണ്ട്. തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുകയെന്നത് എൽഡിഎഫ് സർക്കാരിന്റെ നിലപാടാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാടിന്റെ പണം ചെലവഴിക്കുന്നതിൽ അനാസ്ഥ കാണിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.