ഗുരുവായൂർ
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശരിയായി ചലിപ്പിക്കുന്നത് തൊഴിലാളികളാണെന്ന് അധികാരികൾ മനസിലാക്കി പ്രവർത്തിച്ചാലേ രാജ്യം നിലനിൽക്കൂവെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. എന്നാൽ, തൊഴിലാളികളെ ഇല്ലാതാക്കാനും കോർപറേറ്റുകളെ സംരക്ഷിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. തൊഴിലാളികളെയും സാധാരണ ജനങ്ങളേയും പാപ്പരാക്കുകയാണവർ. കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഗുരുവായൂർ പുഞ്ചയിൽ നാണു നഗറിൽ ( സെക്കുലർ ഹാൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്ക് ബദലാവുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. എല്ലാ കെടുതികളേയും ദുരന്തങ്ങളേയും എതിരിട്ട് ജനങ്ങളെയും തൊഴിലാളികളേയും സംരക്ഷിക്കുകയാണ് കേരളം. ആ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാരും ആർ എസ്എസും ശ്രമിക്കുന്നു. ഇതിനായി കേന്ദ്ര അന്വേഷണ സംവിധാനങ്ങളേയും ഇപ്പോൾ ഗവർണറേയും ഉപയോഗിക്കുമ്പോൾ ഇവരോട് കൈകോർക്കുകയാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി കൃഷ്ണൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി എം സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി എ ചന്ദ്രശേഖരൻ കണക്കും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, എം കെ കണ്ണൻ, യു പി ജോസഫ്, ടി ടി ശിവദാസൻ,എ എസ് മനോജ് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ എൻ കെ അക്ബർ എംഎൽഎ സ്വാഗതം പറഞ്ഞു.വിവിധ കമ്മിറ്റികളേയും തെരഞ്ഞെടുത്തു.
പ്രതിനിധി സമ്മേളനം ഞായറാഴ്ച തുടരും. കള്ള് ചെത്ത് തൊഴിലാളിക്കുള്ള ലൈസൻസ് നേടിയ ഏക വനിത കണ്ണൂർ കണ്ണവം ചിറ്റ്യാനിപ്പറമ്പ് ഷീജ ജയകുമാറിനെ ആദരിക്കും.14 ജില്ലകളിൽ നിന്നായി 350 പേർ പങ്കെടുക്കുന്നുണ്ട്.