കരിപ്പൂർ
കാരിയറുടെ സഹായത്തോടെ കടത്തുകാരെ വെട്ടിച്ച് സ്വർണം തട്ടിയ കേസിൽ അന്തർസംസ്ഥാന സ്വർണക്കവർച്ചാ സംഘം അറസ്റ്റിൽ. കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കി (26), നിറച്ചൻ വീട്ടിൽ പ്രണവ് (കാപ്പിരി പ്രണവ് –-25), അരവഞ്ചാൽ സ്വദേശി കാണിച്ചേരി സനൂജ് (22) എന്നിവരാണ് പിടിയിലായത്. കണ്ണൂർ ജില്ലയിലെ പെരിങ്ങോമിനടുത്ത് അരവഞ്ചാലിലെ മലമുകളിൽനിന്ന് ശനി പുലർച്ചെ ഒന്നോടെയാണ് പ്രത്യേക അന്വേഷകസംഘം മൂന്നുപേരെയും പിടികൂടിയത്. കൊണ്ടോട്ടി സ്റ്റേഷനിൽ എത്തിച്ച ഇവരെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. കേസിലുൾപ്പെട്ട തിരുവനന്തപുരം വെമ്പായം സ്വദേശി എൻ എൻ മൻസിൽ നൗഫലി (26)നെ രണ്ടുദിവസം മുമ്പ് വയനാട്ടിൽനിന്ന് പിടികൂടിയിരുന്നു.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ പിടിയിലായ അർജുൻ ജാമ്യത്തിൽ ഇറങ്ങിയശേഷം, നേരത്തെ കാക്കനാട് ജയിലിൽനിന്ന് പരിചയപ്പെട്ട എറണാകുളം സ്വദേശികളെ ചേർത്ത് പുതിയ സംഘം രൂപീകരിച്ചിരുന്നു. വെമ്പായം സ്വദേശി നൗഫലുമായി ചേർന്ന് കാക്കനാട്ട് വീട് വാടകയ്ക്ക് എടുത്താണ് താമസിച്ചിരുന്നത്. അവിടെ കേന്ദ്രീകരിച്ചാണ് വിവിധ ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചിരുന്നത്. കരിപ്പൂരിൽ ഇൻഡിഗോ വിമാനത്തിലെത്തിയ മഹേഷ് എന്ന കാരിയറിൽനിന്ന് സ്വർണം തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മഹേഷിന്റെതന്നെ സഹായത്തോടെയായിരുന്നു കവർച്ച. മഹേഷ് ഉൾപ്പെടെ നാലുപേരെ കരിപ്പൂർ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലുള്ളവർ അറസ്റ്റിലായതറിഞ്ഞ് നൗഫൽ, അർജുൻ ഉൾപ്പെടെയുള്ളവരെ ഇടുക്കിയിലെ തന്റെ റിസോർട്ടിലേക്ക് മാറ്റി. പിന്നീട് ഒളിവിൽ പോകാൻ സൗകര്യമൊരുക്കി.
കൊലപാതക ശ്രമമുൾപ്പെടെയുള്ള കേസിൽ പ്രതിയാണ് അർജുൻ. ഇവരിൽനിന്ന് രണ്ടു വാഹനവും പൊലീസ് പിടിച്ചെടുത്തു. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന കവർച്ചകളിലെ ഈ സംഘത്തിന്റെ പങ്ക് അന്വേഷണത്തിലാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാപ്പ ചുമത്താനും നടപടിയുണ്ടാകും. കഴിഞ്ഞ വർഷം സ്വർണം തട്ടാനെത്തിയ അർജുൻ ആയങ്കിയുടെ സംഘത്തെ പിന്തുടർന്നവർ അടക്കം അഞ്ചുപേർ രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു.