ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ഫുട്ബോൾ ലീഗിൽ ഗോൾ വർഷിച്ച് കരുത്തർ. ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 4–-2ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. പിന്നിട്ടുനിന്നശേഷം എർലിങ് ഹാലണ്ടിന്റെ ഹാട്രിക്കിലാണ് സിറ്റി ജയംപിടിച്ചത്. ലിവർപൂൾ ഒമ്പത് ഗോളിന് ബോണിമൗത്തിനെ കശാപ്പുചെയ്തു. റോബർട്ടോ ഫിർമിനോ രണ്ട് ഗോൾ നേടി. മൂന്നെണ്ണത്തിന് അവസരമൊരുക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണെ ഒരുഗോളിന് വീഴ്ത്തി. ചെൽസി ലെസ്റ്റർ സിറ്റിയേയും (2–-1) ബ്രൈറ്റൺ ലീഡ്സ് യുണൈറ്റഡിനേയും (1–-0) മറികടന്നു. ബ്രെന്റ്ഫോർഡും എവർട്ടണും ഓരോ ഗോളടിച്ച് പിരിഞ്ഞു.