ലൊസെയ്ൻ
ജാവലിൻ ത്രോയിൽ 90 മീറ്റർ താണ്ടാനാകാത്തതിൽ ആശങ്കയൊന്നുമില്ലെന്ന് നീരജ് ചോപ്ര പറഞ്ഞു. ആ ദൂരത്തെക്കുറിച്ച് ചിന്തയില്ല. അത് സമയമാകുമ്പോൾ സംഭവിച്ചുകൊള്ളും. ലൊസെയ്ൻ ഡയമണ്ട്ലീഗിൽ സ്വർണം നേടിയശേഷം സംസാരിക്കുകയായിരുന്നു.
ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലീറ്റാണ്. 89.08 മീറ്ററാണ് എറിഞ്ഞ ദൂരം. ഇരുപത്തിനാലുകാരന്റെ ജീവിതത്തിലെ മികച്ച മൂന്നാമത്തെ ദൂരമാണ്. സെപ്തംബർ ഏഴിനും എട്ടിനും സൂറിച്ചിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിന് യോഗ്യത നേടി. അടുത്തവർഷം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സിനുള്ള യോഗ്യതാദൂരവും പിന്നിട്ടു. 85.20 മീറ്ററായിരുന്നു യോഗ്യതാദൂരം.
സീസണിലെ അവസാനത്തെ മത്സരമാണ് സൂറിച്ചിലേത്. മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. അടുത്തവർഷം ഏഷ്യൻ ഗെയിംസ്, ഏഷ്യൻ അത്ലറ്റിക്സ്, ലോക ചാമ്പ്യൻഷിപ് എന്നിവയുണ്ട്. 2024ൽ പാരിസ് ഒളിമ്പിക്സാണ്.