ദോഹ
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മത്സര ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്. അർജന്റീനയുടെ രണ്ട് ഗ്രൂപ്പ് മത്സര ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു. ഈ ലോകകപ്പിൽ ഏറ്റവും അധികം ആരാധകർ ടിക്കറ്റെടുത്തത് അർജന്റീന–-മെക്സിക്കോ മത്സരം കാണാനാണ്. നവംബർ 26ന് രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് കളി.
ഖത്തർ ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളിൽ ഏറ്റവും അധികം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണിത്. ദോഹയിൽനിന്ന് 23 കിലോമീറ്റർ അകലെ അൽ ദയാനിലെ ലുസൈൽ നഗരത്തിലാണ് സ്റ്റേഡിയം. 80,000 പേർക്ക് കളി കാണാം. ഡിസംബർ 18ന് നടക്കുന്ന ഫൈനൽ അടക്കം ഇവിടെ 10 കളികളാണുള്ളത്. നവംബർ 22ന് പകൽ 3.30ന് നടക്കുന്ന അർജന്റീന–-സൗദി അറേബ്യ ടിക്കറ്റാണ് പൂർണമായും വിറ്റുപോയ മറ്റൊന്ന്. ഈ കളിയും ലുസൈൽ സ്റ്റേഡിയത്തിലാണ്. ഗ്രൂപ്പ് സിയിൽ ഈ മൂന്നു ടീമുകളെ കൂടാതെ പോളണ്ടാണുള്ളത്.
ടിക്കറ്റ് വിൽപ്പനയുടെ രണ്ടുഘട്ടം പൂർത്തിയായി. അവസാനഘട്ടം സെപ്തംബറിലുണ്ടാകും. 32 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിൽപ്പനയ്ക്കുള്ളത്. അതിൽ 24.5 ലക്ഷം ടിക്കറ്റുകൾ വിറ്റതായാണ് കണക്ക്. അഞ്ചുലക്ഷത്തോളം ടിക്കറ്റുകൾ അടുത്തഘട്ടത്തിൽ ലഭ്യമാകും.
ടിക്കറ്റിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് 10 രാജ്യങ്ങളിൽനിന്നാണ്. ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, മെക്സിക്കോ, ഇംഗ്ലണ്ട്, അമേരിക്ക, യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവയാണവ.