തിരുവനന്തപുരം
പെൺപോരാട്ടവും അഭയാർഥിപ്രശ്നവും പ്രമേയമായ ചിത്രങ്ങൾ രാജ്യാന്തര ഹ്രസ്വഡോക്യുമെന്ററി മേളയുടെ രണ്ടാംദിനത്തിൽ പ്രേക്ഷകപ്രീതി നേടി. സൗരവ് കാന്തി ദത്തയുടെ ‘ഫാത്തിമ’ ചുവന്ന തെരുവിൽനിന്ന് രക്ഷപ്പെട്ട് സാമൂഹ്യപ്രവർത്തകയായ ഫാത്തിമയുടെ ജീവിതം പറയുന്നു. നേപ്പാൾ അതിർത്തിയോട് ചേർന്ന ഫോർബെസ്ഗഞ്ചിലെ ചുവന്ന തെരുവിൽനിന്ന് രക്ഷപ്പെട്ടതാണ് അവർ. ഒമ്പതാം വയസ്സിലാണ് ചുവന്ന തെരുവിലേക്ക് എത്തുന്ന, ശൈശവവിവാഹത്തിന്റെ ഇരയും. പിന്നീട് എൻജിഒയുടെ സഹായത്തോടെ പ്രദേശത്തെ ലൈംഗിക ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിലാണ് അവർ. ദാരിദ്ര്യവും യാതനകളും നിറഞ്ഞ ബിഹാറിന്റെ വർത്തമാനചിത്രം കൂടിയാണ് ഡോക്യുമെന്ററി.
പ്രിൻസ് പാങ്ങാടന്റെ ‘എന്നിട്ടും ഇടമില്ലാത്തവർ’ ഇന്ത്യയിൽ ജീവിക്കുന്ന ശ്രീലങ്കൻ അഭയാർഥികളുടെ കഥപറയുന്നു. വർഗീയ സംഘടനകൾ യുവമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനം തുറന്നുകാട്ടുന്ന ബോയ് ഇൻ ദി ബ്രാഞ്ചും എട്ട് വർഷത്തിനുശേഷം ഇതേ വിഷയം വിശകലനം ചെയ്യുന്ന മെൻ ഇൻ ദി ട്രീയും ലളിത് വചാനി സംവിധാനം ചെയ്ത ചിത്രവും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ച പ്രവീൺ ഗാഥേ ചിത്രം താജ്മഹൽ, സനാത് ഗാനു സംവിധാനം ചെയ്ത ഷിംഗാ, സൊനാലി ബിശ്വാസ് ചിത്രം എ റെയർ ഗിഫ്റ്റ് എന്നിവയും പ്രേക്ഷക ഹൃദയം കീഴടക്കി. രണ്ടാംദിനത്തിൽ അഞ്ച് ക്യാമ്പസ് ചിത്രങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 51 ചിത്രം പ്രദർശിപ്പിച്ചു.