നെയ്റോബി
ഇത്യോപ്യയുടെ വടക്കൻ പ്രദേശത്തുള്ള ടിഗ്രേ പ്രവിശ്യയിൽ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം. ഒമ്പത് പേർക്ക് സാരമായി പരിക്കേറ്റു. നാല് മാസത്തെ വെടിനിർത്തലിനുശേഷം ഇത്യോപ്യൻ സേനയും ടിഗ്രേയിലെ പ്രാദേശിക സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും ശക്തമായതോടെയാണ് വ്യോമാക്രമണം നടന്നത്.
കുട്ടികളുടെ കളിസ്ഥലത്തിനുനേരെയാണ് ഇത്യോപ്യൻ സേനയുടെ വ്യോമാക്രമണം നടന്നതെന്ന് ടിഗ്രേ ടെലിവിഷൻ ആരോപിച്ചു. ഇത്യോപ്യ ഇക്കാര്യം നിഷേധിച്ചു. ടിഗ്രേയിൽ പ്രതിസന്ധി രൂക്ഷമാണെന്നും അവിടെ ഒറ്റപ്പെട്ടുപോയ ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.