പാലക്കാട്
കണ്ടാൽ സുന്ദരരൂപം, ആകർഷിക്കാൻ കണ്ണിനുപിന്നിൽ ചുവന്ന ചെവിപോലെയുള്ള തടിപ്പ്. പാലക്കാട് കോട്ടയുടെ കിടങ്ങിൽ നിറഞ്ഞുകിടക്കുന്ന ആമകളെ കാണുന്ന ആർക്കും ഒരെണ്ണത്തിനെ വളർത്താൻ തോന്നുക സ്വാഭാവികം. കണ്ടാൽ അരുമകളാണെന്ന് തോന്നുമെങ്കിലും നമ്മുടെ ജലാശയങ്ങളിലെയും കുളങ്ങളിലെയും ആവാസ വ്യവസ്ഥയെ നശിപ്പിക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമയാണിത്.
അധിനിവേശ ജീവികളിൽപ്പെട്ട അപകടകാരിയായ ആമയാണ് ചെഞ്ചെവിയൻ അഥവാ റെഡ് ഇയോർഡ് സ്ലൈഡർ ടർട്ടിൽ. പാലക്കാട് കോട്ടയിലെ കിടങ്ങിലാണ് ഇവ പെരുകുന്നത്. ഇവ കോട്ടയ്ക്കുള്ളിൽ എത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ചെഞ്ചെവിയൻ ആമയെ വളർത്തിയിരുന്ന ആരെങ്കിലും ഇവയെ കോട്ടയ്ക്കകത്തെ കിടങ്ങിൽ ഉപേക്ഷിച്ചതാവാനാണ് സാധ്യത. അധിനിവേശ ജീവികളെ കൈകാര്യം ചെയ്യുന്ന പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തിൽ കെണിയൊരുക്കി ആമകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കോട്ടയിലെ കിടങ്ങിന്റെ സ്വഭാവിക ആവാസ വ്യവസ്ഥയിൽ ആമകൾ എന്തെല്ലാം നാശം വരുത്തിയിട്ടുണ്ടെന്നും വിശദമായ പഠനം നടത്തും.
കൗതുകത്തിന് വളർത്തി,
ജലാശയങ്ങൾക്ക് ഭീഷണിയായി
ട്രക്കിമിസ് സ്ക്രിപ്റ്റ എലഗൻസ് എന്ന ശാസ്ത്രനാമത്തിലുള്ള ചെഞ്ചെവിയൻ ആമ മെക്സിക്കോ ഇനമാണ്. അരുമയായി വളർത്തുന്നതിനാണ് ഇവയെ മറ്റ് രാജ്യങ്ങളിൽനിന്ന് എത്തിച്ചത്. കൗതുകം കഴിയുന്നതോടെ ഇവയെ ജലാശയങ്ങളിൽ ഉപേക്ഷിക്കുന്നതാണ് നമ്മുടെ കുളങ്ങളിലും തോടുകളിലും ഇവയെ കണ്ടെത്താൻ കാരണം. നാടൻ ആമകളെക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്ന ഇവ അതിവേഗം വളരുന്നതും ഉപേക്ഷിക്കാൻ കാരണമായി. പ്രളയസമയത്ത് ചിലത് രക്ഷപ്പെട്ട് ജലാശയങ്ങളിൽ എത്തി. സാൽമൊണെല്ല ബാക്ടീരിയയെ വഹിക്കുന്ന ആമകൾ കുട്ടികളിലും ഗർഭിണികളിലും ഹ്യൂമൻ സാൽമൊണെല്ലോസിസ് എന്ന രോഗത്തിനിടയാക്കും.
ഇടമൊരുക്കി പീച്ചി
വനഗവേഷണ കേന്ദ്രം
ചെഞ്ചെവിയൻ ആമകളെക്കുറിച്ച് പഠിക്കുന്നതിനും ഇവയെ ശേഖരിച്ച് സൂക്ഷിക്കുന്നതിനും പീച്ചി വനഗവേഷണ കേന്ദ്രത്തിലെ നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻസിലും കെഎഫ്ആർഐയുടെ രണ്ട് സബ് സെന്ററിലും സൗകര്യമുണ്ട്. മൂന്നു കേന്ദ്രങ്ങളിലുമായി 200ഓളം ആമകളെ പാർപ്പിക്കുന്നു. കേരളത്തിലെ വിവിധയിടങ്ങളിൽനിന്ന് ലഭിച്ചതും ആമയെ വളർത്തുന്നവർ അറിയിച്ചതനുസരിച്ച് ഏറ്റെടുത്തതുമാണ് ഇവ. ഇത്തരം ആമയെ വളർത്തുന്നവർ അവയെ ജലാശയങ്ങളിൽ ഉപേക്ഷിക്കാതെ അറിയിച്ചാൽ കെഎഫ്ആർഐയിലെ നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻസ് ഇവയെ ഏറ്റെടുക്കും.-
കാർത്തിക എം നായർ, പ്രോജക്ട് ഫെലോ, കെഎഫ്ആർഐ, പീച്ചി