കോട്ടയം
പൊതുവിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനാൽ ഓണക്കാലത്തും വിലക്കയറ്റം തടയാനാകുമെന്നും ഓണക്കിറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിശ്ചയിച്ച സമയത്തുതന്നെ എല്ലാവർക്കും കിറ്റ് നൽകും. തിരക്ക് കുറയ്ക്കാനാണ് ക്രമീകരണം. ഓണത്തിന് കൃത്രിമ വിലക്കയറ്റം ഉണ്ടാക്കാൻ അനുവദിക്കില്ല.
സപ്ലൈകോ വിൽപ്പനശാലകളിൽ 13 ഇനം അവശ്യസാധനത്തിന് 2016നുശേഷം വിലകൂട്ടിയിട്ടില്ല. എല്ലാ കാർഡ് ഉടമകൾക്കും റേഷൻകടയിൽ 10.90 രൂപയ്ക്കും മാവേലിസ്റ്റോറിൽ 25 രൂപയ്ക്കും അരി ലഭിക്കും. 28 രൂപയ്ക്ക് കർഷകരിൽനിന്ന് നെല്ല് ശേഖരിച്ചാണ് 10.90 രൂപയ്ക്ക് നൽകുന്നത്. ഉത്സവച്ചന്തകളും ആരംഭിച്ചു. ഒറ്റപ്പെട്ട പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കും. ആറുവർഷത്തിനിടെ 9000 കോടി രൂപയാണ് വിലനിയന്ത്രണത്തിനായി സർക്കാർ ചെലവഴിച്ചത്.
അരിയുടെയും മണ്ണെണ്ണയുടെയും വിഹിതം കുറയ്ക്കുന്നതിൽ കേന്ദ്രം നിലപാട് മാറ്റണം. കഴിഞ്ഞ ബജറ്റിൽ വിഭാവനംചെയ്ത സെന്റർ ഫോർ പ്രൈസ് റിസർച്ച് വൈകാതെ നിലവിൽവരും. ഇതോടെ ഏറ്റവും വിലക്കുറവുള്ള വിപണിയിൽനിന്ന് സാധനങ്ങൾവാങ്ങി ജനങ്ങൾക്ക് എത്തിക്കാനാകും. മുൻഗണനേതര കാർഡുകാർക്കുള്ള ഗോതമ്പ് കേന്ദ്രം വെട്ടിക്കുറച്ചതിനാൽ റാഗി പൊടിച്ചുനൽകുന്നതിനുള്ള സാധ്യത തേടിവരികയാണെന്നും മന്ത്രി പറഞ്ഞു.