തിരുവനന്തപുരം> 2017 നവംബര് 1 മുതല് നടപ്പിലാക്കേണ്ടിയിരുന്ന ന്യായമായ വേതന പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതില് പ്രതിഷേധിച്ച് നബാര്ഡിലെ ഓഫീസര്മാരും ജീവനക്കാരും 2022 ആഗസ്റ്റ് 30ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. 2022 മാര്ച്ചില് കേന്ദ്ര സര്ക്കാരിന്റെയും റിസര്വ് ബാങ്കിന്റെയും നബാര്ഡിന്റെയും പ്രതിനിധികള് ഉള്പ്പെട്ട ഡയറക്ടര് ബോര്ഡ് യോഗത്തില് കരട് വേതന കരാറിന് അംഗീകാരം ലഭിച്ചിരുന്നു. തുടര്ന്ന് ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി അയച്ചെങ്കിലും ഇതുവരെയായും കേന്ദ്രസര്ക്കാര് അംഗീകാരം നല്കിയിട്ടില്ല.
വാണിജ്യബാങ്കുകളിലും റിസര്വ് ബാങ്കിലും മറ്റ് ധനമേഖലാ സ്ഥാപനങ്ങളിലും വേതന പരിഷ്കരണം നടപ്പിലാക്കിയിട്ട് ഒരു വര്ഷം കഴിഞ്ഞിട്ടും നബാര്ഡിലെ ജീവനക്കാരുടെ ന്യായമായ വേതനപരിഷ്കരണം നടപ്പിലാക്കാന് വിമുഖത കാണിക്കുന്നത് ദുരൂഹമാണ്. മാനേജ്മെന്റിന്റെയും കേന്ദ്രസര്ക്കാറിന്റെയും തൊഴിലാളി വിരുദ്ധ സമീപനങ്ങളില് പ്രതിഷേധിച്ച് ജൂലൈ 9 മുതല് നബാര്ഡ് ജീവനക്കാര് പ്രക്ഷോഭത്തിന്റെ പാതയിലാണ്.
2022 ജൂലൈ 27ന് ആള് ഇന്ത്യ നബാര്ഡ് എംപ്ലോയീസ് അസോസിയേഷനും ആള് ഇന്ത്യ നബാര്ഡ് ഓഫീസേഴ്സ് അസോസിയേഷനും ജൂലൈ 26ന് സംയുക്ത പാര്ലമെന്റ് മാര്ച്ച് നടത്താന് തീരുമാനിച്ചിരുന്നു. എന്നാല് നബാര്ഡ് മാനേജ്മെന്റിന് അടുത്ത ദിവസങ്ങളില് തന്നെ കേന്ദ്ര ധന മന്ത്രാലയത്തിന്റെ
അനുമതി ലഭിക്കും എന്ന് അറിയാന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാര്ലമെന്റ് മാര്ച്ചില് നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്ന്ന് സംയുക്ത സമരസമിതി പാര്ലമെന്റ് മാര്ച്ച് മാറ്റി വച്ചിരുന്നു.
പ്രശ്നപരിഹാരത്തിനായി കേന്ദ്ര ലേബര് കമ്മീഷണര് വിളിച്ച യോഗം അലസിപ്പിരിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് നബാര്ഡിലെ ഓഫീസര്മാരും സംയുക്ത പണിമുടക്കിന് ഒരുങ്ങുന്നത്. രാജ്യത്തെ എല്ലാ നബാര്ഡ് ഓഫീസുകളിലും പണിമുടക്ക് സമ്പൂര്ണമായിരിക്കുമെന്ന് ജീവനക്കാരുടെയും ഓഫീസര്മാരുടെയും സംഘടനകള് പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ ഉള്പ്പെടെയുള്ള ബാങ്കിങ്ങ് മേഖലയിലെ സംഘടനകളും പണിമുടക്കിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു