കോട്ടയം > നിയമസഭ ചീഫ് വിപ്പ് എൻ ജയരാജിനെ അപമാനിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമം. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന നാട്ടൊരുമ പരിപാടിയുടെ നോട്ടീസിലാണ് കാഞ്ഞിരപ്പിള്ളി എംഎൽഎ കൂടിയായ എൻ ജയരാജിന്റെ പേര് ഉൾപ്പെടുത്തിയത്. എന്നാൽ തന്റെ അനുവാദം ചോദിച്ചിട്ടല്ല പേര് വച്ചതെന്ന് ജയരാജ് വിശദമാക്കി.
പോപ്പുലർ ഫ്രണ്ട് വാഴൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ചുള്ള നാട്ടൊരുമ ഗ്രാമസദസ് പരിപാടിയിലാണ് ഉദ്ഘാടനകനായി ചീഫ് വിപ്പിന്റെ പേര് ഉൾപ്പെടുത്തിയത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നതാണെന്നും, അനുവാദം ചോദിക്കാതെയാണ് പരിപാടിയിൽ പേര് ഉൾപ്പെടുത്തിയതെന്നും ജയരാജ് വ്യക്തമാക്കി. നാട്ടൊരുമ പരിപാടിക്ക് എന്ന പേരിലാണ് പരിചയമുള്ള ഒരാൾ വിളിച്ചത്. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതാണ്. ഇപ്പോൾ എന്താണ് ഇത് പ്രചരിപ്പിക്കാൻ കാരണമെന്ന് അറിയില്ലെന്നും ജയരാജ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് വ്യാജപ്രചരണം നടത്തുന്നുണ്ട്. അരൂക്കുറ്റിയിൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പോപ്പുലർ ഫ്രണ്ട് ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടകനായ നോട്ടീസും സുരേന്ദ്രൻ പങ്കുവച്ചിട്ടുണ്ട്.