തൃശുർ > ശില്പ ചിത്രകലാ ആചാര്യൻ പെരിങ്ങോട് ഗണപതി(83) അന്തരിച്ചു. പെരിങ്ങോട് ഹൈസ്കൂൾ അധ്യാപകനായിരുന്നു. കുന്നംകുളം മരത്തംകോട് മകളുടെ വീടായ പെരുമ്പിള്ളി മനയിലായിരുന്നു അന്ത്യം.
ചിത്രകാരൻ, ശില്പി എന്നീ നിലകളിൽ പ്രശസ്തനായ ആർട്ടിസ്റ്റ് നമ്പൂതിരി അടക്കമുള്ളവരുമായി ഏറെ അടുത്ത ബന്ധമുണ്ടായിരുന്നു. സംസ്കാരം പെരിങ്ങോട് വീട്ടുവളപ്പിൽ നടക്കും.
1939ൽ പിറവം മേവള്ളൂർ ആമ്പലപ്പിള്ളി ഇല്ലത്താണ് ജനനം. കുട്ടിക്കാലം മുതൽ ചിത്രകലയോടുള്ള ഇഷ്ടം. തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിലും തൃശൂർ ഫൈൻ ആർട്സ് കോളേജിലും പഠനം. തൃശൂർ ബ്രഹ്മസ്വം മഠത്തിൽ താമസിക്കുന്ന കാലത്ത് കരകൗശല നിർമാണ പുരസ്കാര ജേതാവ് ചൊവ്വൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ പരിചയപെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. അദേഹം പെരിങ്ങോട് പൂമുള്ളി രാമൻ നമ്പൂതിരിപ്പാടിന് അടുത്തെത്തിച്ചു. ഇവിടെ നിന്ന് അധ്യാപക ജീവിതം ആരംഭിച്ചു.
പെരിങ്ങോട് ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായി. ഗുരുവായൂർ ചെമ്പെയ് സംഗീതോത്സവത്തിന് വേദിയിൽ വെക്കുന്ന ചെമ്പെയ് ഭാഗവതരുടെ ഛായാചിത്രം ഗണപതി മാസ്റ്റർ വരച്ചതാണ്. ചെമ്പെയുമായി ഏറെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന. ‘ഗൺപത്’ എന്ന ചിത്രകലാ പ്രസ്ഥാനവും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനു അകത്തും പുറത്തുമായി നിരവധി ശിഷ്യരും ഗണപതി മാസ്റ്റർക്കുണ്ട്.