തിരുവനന്തപുരം > ജില്ലയിലെ മതനിരപേക്ഷ – ജനാധിപത്യ വിശ്വാസികളുടെ അഭിമാനമായ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ നടന്ന അതിക്രമം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, ജില്ലാ പ്രസിഡന്റ് വി അനൂപ് എന്നിവർ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസം വൈകിട്ട് വഞ്ചിയൂരിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും കോർപ്പറേഷൻ കൗൺസിലറുമായ ഗായത്രി ബാബുവിനെ എട്ടോളം ആർഎസ്എസ് ക്രിമിനലുകൾ ആക്രമിച്ചിരുന്നു. മടങ്ങിപ്പോയ അക്രമികൾ ആയുധശേഖരമൊളിപ്പിച്ച വീട്ടിലാണ് അഭയം പ്രാപിച്ചത്. ഇന്ന് പുലർച്ചെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ജില്ലാ സെക്രട്ടറിയുടെ വാഹനത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. തുടർച്ചയായ ആക്രമണത്തിന് പിന്നിൽ ആർ സ്എസിന്റെ ഗൂഢപദ്ധതിയുണ്ട്. പൊതുവിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശമാണ് തിരുവനന്തപുരം. സംസ്ഥാന സർക്കാരിന്റെ ഒട്ടനേകം വികസന പദ്ധതികളും തിരുവനന്തപുരം കോർപ്പറേഷന്റെ പുതുമയാർന്ന സംരംഭങ്ങളും തിരുവനന്തപുരത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. മതസൗഹാർദ്ദവും എല്ലാ വിഭാഗം ജനങ്ങൾക്കിടയിലുള്ള ഐക്യവും മാതൃകാപരമാണ്.
എന്നാൽ വിദ്വേഷവും അസഹിഷ്ണുതയുമാണ് സംഘപരിവാർ മുഖമുദ്ര. ഇതിനോട് ജില്ലയിലെ മഹാഭൂരിപക്ഷം നല്ലവരായ ജനങ്ങളും ശക്തമായി വിയോജിക്കുന്നവരാണ്. ചെറുപ്പക്കാരുൾപ്പടെ നിരവധി പേർ ആർഎസ്എസ് ബന്ധമുപേക്ഷിച്ച് മതേതര പ്രസ്ഥാനങ്ങളുടെ ഭാഗമായ അനേകം സംഭവങ്ങൾ അടുത്ത കാലത്തുണ്ടായി. ഇത് ആർഎസ്എസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. നാടിന്റെ സമാധനാന്തരീക്ഷത്തെ തകർക്കാനും കലാപത്തിന് കോപ്പുകൂട്ടാനുമാണ് ആർഎസ്എസ് പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി തുടർച്ചയായി ആക്രമണം നടത്തുകയാണ്.
രാത്രിയുടെ മറവിൽ നടത്തുന്ന അഴിഞ്ഞാട്ടം ഭീരുത്വമാണ്. ഇത്തരം ചെയ്തികളെ ജനാധിപത്യ സമൂഹം വച്ചുപൊറുപ്പിക്കുകയില്ല. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അതിക്രമം നടത്തിയ ക്രിമിനലുകൾക്കെതിരെ അടിയന്തിര നിയമ നടപടി സ്വീകരിക്കണം. സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസിന്റെ നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും
ഡിവൈഎഫ്ഐ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.