തിരുവനന്തപുരം
വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിൽ 145 ദിവസംകൊണ്ട് രജിസ്റ്റർ ചെയ്തത് അരലക്ഷത്തിലേറെ സംരംഭങ്ങൾ. വെള്ളി വരെ 50,218 എണ്ണമാണ് ആരംഭിച്ചത്. ഇതുവഴി 2970.47 കോടിയുടെ നിക്ഷേപവും 1,10,185 തൊഴിലവസരവുമുണ്ടായതായി വ്യവസായമന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം, എറണാകുളം ജില്ലകളിൽ അയ്യായിരത്തിലേറെ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാലായിരത്തിലേറെയും.
ഈ സാമ്പത്തികവർഷം ഒരു ലക്ഷം സൂക്ഷ്മ-–- ചെറുകിട–- -ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. ലൈസൻസ്, -ലോൺ-, സബ്സിഡി മേളകൾ നടക്കുന്നു.
നാല് ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ പ്രത്യേക പദ്ധതി ആരംഭിച്ചു. 403 തദ്ദേശ സ്ഥാപനത്തിൽ വായ്പമേളകൾ നടന്നു. ഇതുവഴി 9.5 കോടി രൂപയുടെ വായ്പയ്ക്ക് അനുമതി നൽകി. 16,065 വനിതകൾ സംരംഭങ്ങൾ തുടങ്ങി. പട്ടികജാതി-–-വർഗ വിഭാഗങ്ങളിലായി 2300 എണ്ണം രജിസ്റ്റർ ചെയ്തു. പ്രവാസികൾക്കായി നോർക്കയുമായി ചേർന്ന് പദ്ധതി നടപ്പാക്കും. ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.