കൊച്ചി
കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മുകളിൽ കൃത്രിമം നടത്തി പണംതട്ടി പിടിയിലായയാൾ നിരവധി കേസുകളിൽ പ്രതി. ഉത്തർപ്രദേശുകാരനായ ഇയാൾ കുറെ കാലം മുംബൈയിൽ ഡ്രൈവറായിരുന്നു. അവിടെവച്ച് പരിചയപ്പെട്ട മഹാരാഷ്ട്രക്കാരൻ മുകേഷ് തിവാരിയുമായി ചേർന്ന് ഉത്തർപ്രദേശിലും സമാനതട്ടിപ്പ് നടത്തിയിരുന്നു. അതിൽ ഇയാൾക്കെതിരെ കേസുണ്ട്.
ജയിലിൽനിന്ന് ഇറങ്ങിയശേഷം മുകേഷുമായി തെറ്റിപ്പിരിഞ്ഞു. മുംബൈ, ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ തങ്ങി മോഷണം നടത്തിയിട്ടുണ്ട്. പതിനേഴി-നാണ് കൊച്ചിയിൽ എത്തിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സുഹൃത്തുവഴി ഭാര്യക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നു.
തട്ടിപ്പ് തിരക്കില്ലാത്ത
സമയത്ത്
എടിഎമ്മുകളിൽ തിരക്കില്ലാത്ത സമയത്ത്, പണംവരുന്ന ഭാഗത്ത് സ്കെയിൽപോലെയുള്ള, വളയ്ക്കാവുന്ന നേരിയ ഫൈബർപാളി സ്ഥാപിക്കും. ഇടപാടുകാർ പണം പിൻവലിക്കുമ്പോൾ അതിൽ തട്ടി തടയും. പണം ലഭിക്കാതെ ഇടപാടുകാർ പുറത്തേക്ക് ഇറങ്ങുമ്പോൾ ഇയാൾ എടിഎമ്മിലെത്തി സ്കെയിൽ നീക്കി പണം കൈക്കലാക്കും. വീണ്ടും സ്കെയിൽവച്ച് അടുത്ത ഇരയെ കാത്തിരിക്കും. ഒരു എടിഎമ്മിൽനിന്ന് 25,000 രൂപയാണ് ഇയാൾ കവർന്നത്. സമാനമായ തട്ടിപ്പ് ജില്ലയിലെ പലയിടത്തും നടന്നതായാണ് സൂചന. പരാതി ലഭിച്ചിട്ടില്ല. എന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾ എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.