തിരുവനന്തപുരം
ഫർണിച്ചർ നിർമാണ യൂണിറ്റിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് തലശേരിയിലെ വ്യവസായ ദമ്പതികൾ നേരിടുന്ന പ്രശ്നം ഗൗരവമായാണ് കാണുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വിഷയത്തിൽ ഇടപെടുമെന്ന് തദ്ദേശമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനം തുറന്നുപ്രവർത്തിപ്പിക്കാനാവശ്യമായ ഇടപെടലും പിന്തുണയും വ്യവസായ വകുപ്പിൽനിന്നുണ്ടാകും. തലശേരിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. സംസ്ഥാനത്തിന്റെ മൊത്തം അന്തരീക്ഷത്തിൽ നല്ല നിലയിൽ മാറ്റംവന്നിട്ടുണ്ട്. എന്നാൽ, സംശയത്തിന്റെ കണ്ണടയോടെ നോക്കുന്ന ചില ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ട്. അവർ ആ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണട ഉപയോഗിക്കാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതം:
തലശേരി നഗരസഭ
വ്യവസായിയെയും ഭാര്യയേയും ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ തലശേരി നഗരസഭയ് ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ കെ എം ജമുനാറാണി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തലശേരി കണ്ടിക്കലിൽ മിനി വ്യവസായ പാർക്കിൽ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ കെെയേറ്റത്തിനെതിരെ നിയമാനുസൃത നടപടി മാത്രമാണ് നഗരസഭ സ്വീകരിച്ചത്. 2008ൽ ആരംഭിച്ച കണ്ടിക്കൽ വ്യവസായ പാർക്കിൽ പതിനേഴ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ അനുമതിയില്ലാതെ സ്ഥലം കെെയേറി കെട്ടിടം നിർമിച്ചാൽ സ്വയം പൊളിച്ചുമാറ്റാനോ, കെെയേറിയ സ്ഥലം പിഴയൊടുക്കി ക്രമപ്പെടുത്താനോ നിർദേശിച്ച് നോട്ടീസ് നൽകും. അതനുസരിച്ച് പിഴയടച്ച് നിർമാണം ക്രമപ്പെടുത്തുകയാണ് പതിവ്. ഗഡുക്കളായി പിഴയടയ്ക്കാനും അവസരമുണ്ട്.
ക്രമരഹിതമായി കെട്ടിടം നിർമിച്ച ദമ്പതികൾക്ക് 2021 ജൂലെെ ഏഴിന് നോട്ടീസ് നൽകി. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഉദ്യോഗസ്ഥർ നേരിൽപോയി സംസാരിച്ചിട്ടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് ഒരു വർഷത്തിനുശേഷം ആഗസ്ത് ആറിനാണ് ലെെസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ ദമ്പതികൾ ഹെെക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടിയില്ല.
ഹർജി തീർപ്പാക്കുംവരെ ഗഡുക്കളായി പിഴ അടയ്ക്കാനും ലൈസൻസ് പുനസ്ഥാപിക്കാനും കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു. ഈ നിർദേശം തന്നെയാണ് നഗരസഭയും നേരത്തെ മുന്നോട്ടുവച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ആദ്യഗഡുവായി 41,850 രൂപയുടെ ചെക്ക് 22ന് നഗരസഭക്ക് നൽകി. നടപടിക്രമം പൂർത്തിയാക്കി 24ന് സ്ഥാപനം തുറക്കാൻ അനുവദിച്ചതാണെന്നും ചെയർപേഴ്സൺ അറിയിച്ചു.