കാസർകോട്
കാസർകോട്ടെ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ നിയമനം നടന്നത് അപേക്ഷ പോലും പരിശോധിക്കാതെയെന്ന് വിവരാവകാശരേഖ. നിലവിലെ വിസി എച്ച് വെങ്കിടേശ്വർലുവിന്റെ അപേക്ഷയിൽ പ്രവൃത്തിപരിചയം ചോദിക്കുന്ന കോളങ്ങൾ ശൂന്യമാണ്. രാജ്യാന്തര പ്രവൃത്തിപരിചയമുള്ളവരുടെ അപേക്ഷ ചവറ്റുകൊട്ടയിലിട്ടാണ് സംഘപരിവാർ ഇംഗിതത്തിൽ വിസിയെ നിയമിച്ചത്. ആന്ധ്രയിലെ സംഘപരിവാർ നേതാവാണ് ഇതിന് ചരട്വലിച്ചത്.
വെങ്കിടേശ്വർലു സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുണ്ടെന്നും വിവരാവകാശ രേഖയിലുണ്ട്. ഉസ്മാനിയ സർവകലാശാലയിൽ 24 വർഷം പ്രൊഫസറായിരുന്നു എന്നാണ് അപേക്ഷയിൽ. എന്നാൽ, സർവകലാശാലയിലല്ല, അതിനുകീഴിലെ ഒരു കോളേജിലാണ് പ്രവർത്തിച്ചത്. സർവകലാശാലയിലെ പ്രവൃത്തിപരിചയത്തിനാണ് മുൻഗണന എന്നാണ് ചട്ടം. ജെഎൻയുവിലെ പ്രോ–- വിസിയായിരുന്ന ചിന്താമണി മഹാപത്രയെപ്പോലുള്ള അപേക്ഷകർ പുറത്തുനിൽക്കുമ്പോഴാണ് സംഘപരിവാർ സ്വന്തക്കാർക്കായി മെറിറ്റ് ചവിട്ടിമെതിച്ചത്.
സാമ്പത്തിക കെടുകാര്യസ്ഥത സംബന്ധിച്ചും വിസിക്കെതിരെ പരാതി ഉയരുന്നുണ്ട്. പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് ഓഡിറ്റ് (സെൻട്രൽ) ചെന്നൈ ബ്രാഞ്ച് നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരുകോടിയുടെ ദുർവിനിയോഗവും നിയമവിരുദ്ധ നിയമനവും സ്ഥാനക്കയറ്റവും കേന്ദ്രസർവകലാശാലയിൽ നടന്നെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിലെ വൈസ് ചാൻസലർ, നൽകിയ അപേക്ഷയുടെ ഉൾപ്പേജ്. പ്രവൃത്തി പരിചയം ചോദിക്കുന്ന കോളങ്ങൾ ഒഴിച്ചിട്ടത് കാണാം