തിരുവനന്തപുരം
കാക്കിക്കുള്ളിലെ കലാകാരന്മാരെ അണിനിരത്തി പാട്ടും ചിരിയും കാര്യവുമായി പൊലീസ് എഫ്എം റേഡിയോ എത്തുന്നു. വിനോദവും വിജ്ഞാനവും ഒരുപോലെ പകരുകയാണ് ലക്ഷ്യം. ബോധവൽക്കരണം, അറിയിപ്പ്, ജാഗ്രതാ നിർദേശം, വിനോദ പരിപാടി എന്നിവയെല്ലാം ഇതിലുണ്ടാകും. കല, സാഹിത്യം, മാധ്യമപ്രവർത്തനം, സൗണ്ട് എഡിറ്റിങ്, സംഗീത സംവിധാനം എന്നിവയിൽ അഭിരുചിയും മുൻപരിചയവുമുള്ള പൊലീസുകാർക്കും മിനിസ്റ്റീരിയൽ സ്റ്റാഫിനും അവസരം ലഭിക്കും.
തൃശൂർ പൊലീസ് അക്കാദമിയിൽ സ്റ്റുഡിയോ നിർമാണം പുരോഗമിക്കുന്നു. ഇതിന്റെ ചുറ്റളവിലുള്ളവർക്ക് നേരിട്ടും മറ്റുള്ളവർക്ക് ഓൺലൈൻ മുഖേനയും ആസ്വദിക്കാം. റേഡിയോ ആരംഭിക്കാനുള്ള നിർദേശം സർക്കാരിന് നൽകി. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പൊലീസ് അക്കാദമി ഐജി കെ സേതുരാമൻ പറഞ്ഞു. സർക്കാർ അനുമതി കിട്ടിയാലുടൻ സജ്ജമാക്കും. മിക്ക വിദേശരാജ്യങ്ങളിലും സംവിധാനം നിലവിലുണ്ട്. നിയമപാലനം ഉറപ്പാക്കുന്നതിൽ മുൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.