തിരുവനന്തപുരം
ദേശീയ ഗുണനിലവാര പരിശോധനാ ഏജൻസികൾ നടത്തിയ റാങ്കിങ്ങിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് റെക്കോഡ് നേട്ടം. നാക് (നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിൽ), എൻഐആർഎഫ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്) റാങ്കിങ്ങിലാണ് വൻ മുന്നേറ്റം. സർവകലാശാലകൾക്ക് ‘നാക് ’ റാങ്കിങ്ങിൽ ശരാശരി മാർക്ക് ഇപ്പോൾ 4ൽ 3.5 (എ ഡബിൾ പ്ലസ് ) ആണ്. അഞ്ച് വർഷംമുമ്പ് ഇത് 2.75 (ബി) ആയിരുന്നു. നേരത്തേ എൻഐആർഎഫ് റാങ്കിങ്ങിൽ നൂറിനുള്ളിൽ വന്നത് ശരാശരി മൂന്ന് സ്ഥാപനം മാത്രമായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടിൽ കോളേജുകളടക്കം 80 എണ്ണം ഇടംനേടി. എൽഡിഎഫ് സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ വൻകിട പദ്ധതികളിലൂടെയാണ് ഈ നേട്ടം.
അക്കാദമിക, അക്കാദമികേതര, അധ്യാപക നിലവാര രംഗങ്ങളിൽ ഏഴ് പ്രധാന നിബന്ധനയും അമ്പതോളം ഉപ നിബന്ധനകളും പരിശോധിച്ചാണ് ‘നാക് ’ റാങ്കിങ്. സർവകലാശാലകളെയും കോളേജുകളെയും സ്വതന്ത്ര പരിശോധന നടത്തി നിലവാരം വിലയിരുത്തുന്നതാണ് എൻഐആർഎഫ്.
അധ്യാപകരുടെ യോഗ്യത, ഗവേഷണ പ്രവർത്തനം, കരിക്കുലത്തിന്റെ സവിശേഷത, പരീക്ഷണ–-നിരീക്ഷണ നേട്ടങ്ങൾ തുടങ്ങിയവയിലുള്ള നിലവാരവും സംഭാവനയും വിലയിരുത്തുന്നു. പദ്ധതി–-പദ്ധതിയേതര ഫണ്ടിനു പുറമെ ശരാശരി 150 കോടി രൂപ ഓരോ സർവകലാശാലയ്ക്കും ഗവേഷണ, പരീക്ഷണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. ഉന്നത അക്കാദമിക് നിലവാരമുള്ള 650 ലധികം അധ്യാപകരെ നിയമിച്ചു. കിഫ്ബി, റൂസയിലെ സംസ്ഥാന ഫണ്ട് എന്നിവ വഴിയും മികച്ച ഇടപെടൽ നടത്തുന്നു.