തിരുവനന്തപുരം
തൊഴിലന്വേഷകരുടെ നൈപുണ്യ പരിശീലനത്തിന് വിപുല പദ്ധതിയൊരുക്കി കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). അഞ്ചുവർഷംകൊണ്ട് 35 ലക്ഷം പേരെ തൊഴിൽ നിപുണരാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടം ഒരുലക്ഷം പേർക്ക് പരിശീലനം നൽകും. അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം കേരളയാണ് (അസാപ് ) ആദ്യബാച്ചിലെ 25,000 പേരെ പരിശീലിപ്പിക്കുക. ഐസിടി അക്കാദമി 50,000 പേർക്ക് അവസരമൊരുക്കും. 172 കോഴ്സിലാണ് ആദ്യ പ്രവേശനം. ഇതിനായി എട്ട് സ്ഥാപനം കെകെഇഎമ്മുമായി കൈകോർക്കും. കേരള അക്കാദമി ഓഫ് സ്കിൽ എക്സലൻസ് (കെയ്സ്)– 31 കോഴ്സ്, കേന്ദ്ര സ്ഥാപനങ്ങളായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സിഡാക്)– 12, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി– 7, അസാപ് കേരള– 57, കിറ്റ്സ്– 7, കുടുംബശ്രീ– 37, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ ടെക്നോളജി– 4 കോഴ്സുകളിൽ പരിശീലനം നൽകും. ഇവ നേരിട്ടും, സഹകരിക്കുന്ന 48 പൊതു, സ്വകാര്യ, സഹകരണ സ്കിൽ ഏജൻസി വഴിയുമാണ് പരിശീലനം.
നിർമാണം, ഐടി, ഇലക്ട്രോണിക് ഹാർഡ്വെയർ, മാധ്യമം–-വിനോദം, ലോജിസ്റ്റിക്സും സപ്ലൈ ചെയിനും, അക്കൗണ്ടിങ്, നിയമം, സിവിൽ എൻജിനിയറിങ്, വൈദ്യുതി, ഊർജം, ലൈഫ് സയൻസ്, ഫാർമസ്യൂട്ടിക്കൽ, ആരോഗ്യ സംരക്ഷണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, കെമിക്കൽ, പെട്രോകെമിക്കൽ, അപ്പാരൽ, ആട്ടോമോട്ടിവ്, സൈബർ സെക്യൂരിട്ടി, ക്ലൗഡ് കംപ്യൂട്ടിങ് മേഖലകൾക്കാണ് തുടക്കത്തിൽ ഊന്നൽ. വർക്ക് റെഡിനസ് പരിപാടിയിൽ അസാപ് 12,500 പേർക്ക് അഭിമുഖ പരിശീലനം നൽകും. 500 ബാച്ചായി 15 മണിക്കൂർ നീളുന്ന ഓൺലൈൻ, ഓഫ്ലൈൻ പരിശീലനത്തിന് ഒരുകോടി രൂപ ആദ്യഗഡുവായി നൽകി.
സ്കോളർഷിപ് പദ്ധതി
നൈപുണ്യ പരിശീലന സ്കോളർഷിപ് പദ്ധതിക്ക് മൂന്നുകോടി രൂപ അസാപ്പിന് അനുവദിച്ചു. പട്ടിക വിഭാഗ, മത്സ്യത്തൊഴിലാളി, ട്രാൻസ്ജൻഡർ മേഖലയിലടക്കം 100 ശതമാനംവരെ സ്കോളർഷിപ് നൽകും. മൂവായിരം പേർക്കെങ്കിലും നിലവിൽ സഹായമുണ്ടാകും. നാല് സ്കിൽ പാർക്കിലായിരിക്കും പരിശീലനം.