ന്യൂഡൽഹി > കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ കത്തിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ളത് രൂക്ഷമായ വിമർശനങ്ങൾ.അഞ്ച് പേജുള്ള രാജിക്കത്തിൽ രാഹുൽ ഗാന്ധിയ്ക്കും അദേഹത്തെ ചുറ്റിപ്പറ്റിയുള്ള സ്തുതിപാഠകർക്കുമെതിരായി ഗുരുതര ആരോപണങ്ങളാണ് ഗുലാംനബി ഉയർത്തുന്നത്. കഴിഞ്ഞ അമ്പതുവർഷമായി നെഹ്റു കുടുംബവുമായി പുലർത്തുന്ന അടുത്ത ബന്ധം വിശദീകരിച്ചുള്ള കത്തിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചത് രാഹുലിന്റെ കടന്നുവരവോടെയാണെന്ന് കുറ്റപ്പെടുത്തുന്നു.
കത്തിന്റെ പ്രസക്തഭാഗങ്ങൾ:
‘ജമ്മു-കശ്മീരിൽ എഴുപതുകളുടെ പകുതിയിലാണ് കോൺഗ്രസിൽ ചേരുന്നത്. ഷെയ്ക്ക് അബ്ദുള്ളയെ അറസ്റ്റുചെയ്ത പാർടിയെന്ന നിലയിൽ താഴ്വരയിൽ കോൺഗ്രസിനോട് വിരോധം തുടരുന്ന ഘട്ടമാണത്. എന്നിട്ടും വിദ്യാർത്ഥി കാലഘട്ടത്തിൽ ഗാന്ധിയുടെയും നെഹ്റുവിന്റെയുമൊക്കെ ആശയങ്ങളിൽ ആകൃഷ്ടനായി. സഞ്ജയ് ഗാന്ധിയുടെ വ്യക്തിപരമായ അഭ്യർത്ഥനയെ തുടർന്ന് 1975-76 ൽ ജമ്മു-കശ്മീർ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. ആ ഘട്ടത്തിൽ പിജിക്ക് ശേഷം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. 1977 മുതൽ സഞ്ജയിന്റെ നേതൃത്വത്തിലുള്ള യൂത്തിന്റെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ആയിരക്കണക്കിന് യൂത്ത് പ്രവർത്തകർക്കൊപ്പം പല ജയിലുകളിലായി അടയ്ക്കപ്പെട്ടു. ഇന്ദിരയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ജമാ മസ്ജിദിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചതിന് രണ്ട് മാസത്തോളം തിഹാർ ജയിലിൽ കിടന്നു.
മൂന്നുവർഷത്തെ ചരിത്ര പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് 1980 ൽ അധികാരത്തിൽ തിരിച്ചെത്തി. യുവാക്കളുടെ ബിംബമായിരുന്ന സഞ്ജയിന്റെ ദാരുണാന്ത്യത്തിന് ശേഷം ഞാൻ യൂത്ത് പ്രസിഡന്റായി. താങ്കളുടെ ഭർത്താവ് രാജീവിനെ യൂത്തിലേക്ക് കൊണ്ടുവന്നത് ഞാനാണ്. ഇന്ദിര, രാജീവ്, റാവു, മൻമോഹൻ മന്ത്രിസഭകളിൽ അംഗമായി. എൺപതുകളുടെ പകുതി മുതൽ ജനറൽ സെക്രട്ടറിയായി. രാജീവിന്റെയും റാവുവിന്റെയും കാലത്ത് പാർലമെന്ററി ബോർഡ് അംഗമായിരുന്നു. നാല് ദശകത്തോളമായി പ്രവർത്തകസമിതിയിലുണ്ട്. വിവിധ കാലങ്ങളിലായി എല്ലാ സംസ്ഥാനങ്ങളുടെയും ചുമതല വഹിച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന 90 ശതമാനം സംസ്ഥാനങ്ങളിലും കോൺഗ്രസ് ജയിച്ചു. ആരോഗ്യവും കുടുംബവും പരിഗണിക്കാതെ ഇക്കാലമത്രയും കോൺഗ്രസിനെ സേവിച്ചു.
ഒന്നും രണ്ടും യുപിഎ കാലത്ത് മുതിർന്ന നേതാക്കൾ നൽകുന്ന നല്ല ഉപദേശങ്ങളുടെ സഹായത്താൽ പ്രസിഡന്റായി താങ്കൾ ശോഭിച്ചു. ദൗർഭാഗ്യവശാൽ രാഹുലിന്റെ വരവോടെ, പ്രത്യേകിച്ച് 2013 ൽ വൈസ്പ്രസിഡന്റായ ശേഷം കോൺഗ്രസിലെ കൂടിയാലോചനാ സംവിധാനം അയാൾ തകർത്തു. എല്ലാ മുതിർന്ന നേതാക്കളെയും മൂലയ്ക്ക് ഒതുക്കി അനുഭവസമ്പത്തില്ലാത്ത സ്തുതിപാഠകരുടേതായ ചങ്ങാതിക്കൂട്ടം പാർടി കാര്യങ്ങൾ തീരുമാനിച്ചുതുടങ്ങി. യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് മുന്നിൽ കീറിയെറിഞ്ഞത് രാഹുലിന്റെ അപക്വതയ്ക്ക് മകുടോദാഹരണമാണ്. കോൺഗ്രസ് കോർ ഗ്രൂപ്പ് ചർച്ച ചെയ്ത ശേഷം പ്രധാനമന്ത്രി മൻമോഹൻ അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗം ഏകകണ്ഠമായി അംഗീകരിച്ച് രാഷ്ട്രപതി ഒപ്പിട്ട ഓർഡിനൻസായിരുന്നു അത്. ബാലിശമായ ഈ പെരുമാറ്റം പ്രധാനമന്ത്രിയുടെയും സർക്കാരിന്റെയും എല്ലാ അധികാരങ്ങളെയും ചുരുക്കുന്നതായി. 2014 ൽ യുപിഎയുടെ തോൽവിക്ക് നിർണായക കാരണമായത് ഈയൊരൊറ്റ നടപടിയാണ്.
താങ്കൾ പ്രസിഡന്റായ ശേഷം പഞ്ച്മഡിയിലും ഷിംലയിലും ജയ്പ്പുരിലും കോൺഗ്രസിന്റെ ആലോചനാ യോഗങ്ങൾ ചേർന്നു. ഈ യോഗങ്ങളിലെ തീരുമാനങ്ങളൊന്നും നടപ്പാക്കപ്പെട്ടില്ല. 2013 ലെ ജയ്പ്പുർ സമ്മേളനത്തിൽ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പാർടിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് മറ്റംഗങ്ങളുടെ സഹായത്തോടെ ഞാൻ ഒരു കർമപദ്ധതി മുന്നോട്ടുവെച്ചു. ഇത് പിന്നീട് പ്രവർത്തകസമിതി അംഗീകരിച്ചു. സമയബന്ധിതമായി നടപ്പാക്കേണ്ടിയിരുന്ന ഈ നിർദേശങ്ങൾ എന്നാൽ ഒമ്പതുവർഷമായി എഐസിസി സ്റ്റോർറൂമിൽ പൊടിപിടിച്ച് കിടക്കുകയാണ്. 2014 ന് ശേഷം രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പും 49 ൽ 39 നിയമസഭാ തെരഞ്ഞെടുപ്പുകളും കോൺഗ്രസ് ദയനീയമായി തോറ്റു. നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ജയിക്കാനായത്. രണ്ട് സംസ്ഥാനത്ത് മാത്രമായി ഭരണം ചുരുങ്ങി. 2019 തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി കൂടുതൽ വഷളായി. പ്രവർത്തകസമിതി യോഗത്തിൽ എല്ലാ മുതിർന്ന നേതാക്കളെയും അവഹേളിച്ച ശേഷം സ്വൈരക്കേടെന്ന മട്ടിൽ രാഹുൽ പ്രസിഡന്റ് പദവിയൊഴിഞ്ഞതോടെ താങ്കൾ ഇടക്കാല പ്രസിഡന്റായി. കഴിഞ്ഞ മൂന്നു വർഷമായി താങ്കൾ ഇടക്കാല പ്രസിഡന്റായി തുടരുകയാണ്.
യുപിഎ സർക്കാരിനെ തകർത്ത റിമോട്ട് കൺട്രോൾ രീതി ഇപ്പോൾ കോൺഗ്രസിലേക്ക് മാറിയിരിക്കയാണ്. താങ്കൾ പേരിന് മാത്രമാണ് പ്രസിഡന്റ്. എല്ലാ പ്രധാന തീരുമാനങ്ങളും എടുക്കുന്നത് രാഹുലോ അതല്ലെങ്കിൽ അയാളുടെ സുരക്ഷാഗാർഡുകളോ പിഎമാരോ ആണ്. 2020 ആഗസ്തിൽ ഞാനും 22 സഹപ്രവർത്തകരും പാർടിയുടെ തെറ്റായ പോക്ക് ചൂണ്ടിക്കാട്ടി താങ്കൾക്ക് കത്തയച്ചപ്പോൾ ചങ്ങാതിക്കൂട്ടം അവരുടെ സ്തുതിപാഠകരെ അഴിച്ചുവിട്ട് ഞങ്ങളെ ക്രൂരമായി ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്തു. ജമ്മുവിൽ എന്റെ ശവമഞ്ച യാത്ര നടത്തി. ഈ ഗുരുതര അച്ചടക്കലംഘനം നടത്തിയവരെ രാഹുലും സ്തുതിപാഠകരും ഡൽഹിയിൽ വിളിച്ചുവരുത്തി സൽക്കരിച്ചു. ഇതേ സംഘം തന്നെ പിന്നീട് ഗുണ്ടകളെ അയച്ച് കപിൽ സിബലിന്റെ വസതി ആക്രമിച്ചു. താങ്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരായ അഴിമതിക്കേസുകൾ കോടതിയിൽ പ്രതിരോധിച്ചയാളാണ് സിബൽ.
പാർടിയിലെ പ്രശ്നങ്ങളും പരിഹാരങ്ങളുമാണ് കത്തയച്ചവർ ചൂണ്ടിക്കാട്ടിയത്. കൂട്ടായും ക്രിയാത്മകമായും അത് പരിഗണിക്കുന്നതിന് പകരം പ്രത്യേകം വിളിച്ചുചേർത്ത പ്രവർത്തകസമിതി യോഗത്തിൽ ഞങ്ങളെ സംഘംചേർന്ന് കടന്നാക്രമിച്ചു. ഇപ്പോൾ പാർടിയുടെ നേതൃത്വം പകരക്കാരെ ഏൽപ്പിക്കും വിധം തിരിച്ചുവരവില്ലാത് നിലയിലേക്ക് കോൺഗ്രസിൽ കാര്യങ്ങൾ പോയികഴിഞ്ഞു. പൂർണമായും തകർന്ന പാർടിയെ പകരക്കാരെ വെച്ച് തിരിച്ചുകൊണ്ടു വരാനാവില്ല. മാത്രമല്ല പകരക്കാരൻ ചരടിൽ ആടുന്ന പാവ മാത്രമായിരിക്കും. ദേശീയതലത്തിൽ നമ്മുടെ രാഷ്ട്രീയഇടം ബിജെപിക്കും സംസ്ഥാനങ്ങളിൽ പ്രാദേശിക പാർടികൾക്കും അടിയറ വെച്ചുകഴിഞ്ഞു. താൽപ്പര്യമില്ലാത്ത രൊളെ തലപ്പത്തിരുത്താൻ കഴിഞ്ഞ എട്ടുവർഷമായി നേതൃത്വം നടത്തുന്ന ശ്രമലമായാണ് ഇത് സംഭവിച്ചത്.
ഇപ്പോഴത്തെ സംഘടനാതെരഞ്ഞെടുപ്പ് പൂർണമായും തട്ടിപ്പും പ്രഹസനവുമാണ്. രാജ്യത്തെവിടെയും സംഘടനയുടെ ഒരു തലത്തിലും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. എഐസിസിയിലെ സ്തുതിപാഠകർ തയ്യാറാക്കുന്ന പട്ടികയിൽ ആഞ്ജാനുവർത്തികൾ ഒപ്പുവെയ്ക്കുക മാത്രമാണ്. എവിടെയും വോട്ടർലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയോ പത്രികകൾ ക്ഷണിക്കുകയോ ബൂത്തുകൾ ഒരുക്കി തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. ദേശീയപ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ നിയന്ത്രണം തുടരുന്നതിനായി നടത്തുന്ന ഈ വൻതട്ടിപ്പിന് എഐസിസി നേതൃത്വമാണ് ഉത്തരവാദികൾ. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിൽ കോൺഗ്രസ് ഇത് അർഹിക്കുന്നുണ്ടോയെന്ന് നേതൃത്വം ആലോചിക്കണം.
ജീവിതകാലം മുഴുവൻ നിലകൊണ്ട ആശയങ്ങളുമായി മുന്നോട്ടുപോകുന്നതിന് ഞാനും എന്റെ ചില സഹപ്രവർത്തകരും കോൺഗ്രസിന് പുറത്തുനിന്നുകൊണ്ട് എത്ര ക്ലേശിച്ചായാലും ശ്രമം തുടരും. ഭാരത് ജോഡോ യാത്ര തുടങ്ങുന്നതിന് മുമ്പായി ഒരു കോൺഗ്രസ് ജോഡോ യാത്രയായിരുന്നു നടത്തേണ്ടിയിരുന്നത്. കോൺഗ്രസുമായുള്ള അര നൂറ്റാണ്ട് ബന്ധം അവസാനിപ്പിച്ച് എല്ലാ പദവികളും രാജിവെയ്ക്കുന്നു.