ന്യൂഡല്ഹി> ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ജമ്മു കശ്മീരിലെ അഞ്ച് കോണ്ഗ്രസ് നേതാക്കള് രാജി പ്രഖ്യാപിച്ചു.ഗുലാം നബി ആസാദിന്റെ വസതിയില് വച്ചാണ് രാജി പ്രഖ്യാപനം നടന്നത്. ഭാവി തീരുമാനം ഗുലാം നബി ആസാദ് എടുക്കുമെന്ന് നേതാക്കള് അറിയിച്ചു. ജിഎം സരൂരി, ഹാജി അബ്ദുള് റാഷിദ്, ചൗധരി മുഹമ്മദ് അക്രം, മുഹമ്മദ് അമീന് ഭട്ട്, ഗുല്സര് അഹമ്മദ് വാനി എന്നി മുന് എംഎല്എമാരാണ് പാര്ട്ടി വിട്ടത്
അതേസമയം, കോണ്ഗ്രസില്നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാര്ട്ടി രൂപവത്കരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചിരുന്നു. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള് തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാര്ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജിക്ക് പിന്നാലെ ഇന്ത്യാ ടുഡേയോടായിരുന്നു പ്രതികരണം.
‘ഞാന് ജമ്മു കശ്മീരിലേക്ക് പോകുന്നു. സംസ്ഥാനത്ത് ഞാന് സ്വന്തം പാര്ട്ടി രൂപവത്കരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും’- ആസാദ് പറഞ്ഞു.രാഹുല് ഗാന്ധിക്കെതിരെ രൂക്ഷ വിമര്ശനമുയര്ത്തിയാണ് ആസാദ് കോണ്ഗ്രസില് നിന്ന് രാജിവെച്ചത്.
ജമ്മു കശ്മീരിലെ കോണ്ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് മണിക്കൂറുകള്ക്കകമാണ് ആസാദ് രാജിവെച്ചത്. തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണ് ഈ പദവിയിലേക്ക് നിയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
തന്റെ അടുത്തയാളായ ഗുലാം അഹമ്മദ് മിറിനെ പാര്ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയത് ഗുലാം നബി ആസാദിനെ ചൊടിപ്പിച്ചിരുന്നു. ദീര്ഘനാളായി ജമ്മു കശ്മീര് കോണ്ഗ്രസില് തുടരുന്ന പോരിനെ തുടര്ന്നാണ് വികാര് റസൂല് വന്നിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് പാര്ട്ടി നിയമിച്ചത്.