തിരുവനന്തപുരം
സംസ്ഥാനത്തെ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് യുജിസി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ. വൈസ് ചാൻസലർ, കോളേജ് അധ്യാപകർ, ലൈബ്രേറിയൻ, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ എന്നിവരുടെ യോഗ്യതയും നിയമന രീതിയും സേവന, ആനുകൂല്യ വ്യവസ്ഥകളുമടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിർത്തൽ നടപടി നിർദേശങ്ങൾ 2018ലാണ് യുജിസി പുറത്തിറക്കിയത്. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലയുടെ നിയമഭേദഗതിക്ക് സർക്കാർ നടപടി തുടങ്ങി.
വൈസ് ചാൻസലർ
നിയമനം
യുജിസി റഗുലേഷനിലെ 7.3 നമ്പർ നിർദേശം വൈസ് ചാൻലസറുടെ നിയമന നടപടി വ്യക്തമാക്കുന്നതാണ്. മൂന്നുമുതൽ അഞ്ചുവരെ അംഗ സെർച്ച് കമ്മിറ്റി വിസി നിയമനത്തിന് യോഗ്യരായ മൂന്നുപേരുടെ പട്ടിക തയ്യാറാക്കണം. കമ്മിറ്റി അംഗങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരാകണം. സർവകലാശാലയുമായോ അതിലെ ഏതെങ്കിലും കോളേജുമായോ ഒരുതരത്തിലും ബന്ധവുമില്ലാത്തവരുമാകണം. സമിതിയിൽ ഒരാളെ യുജിസി ചെയർമാൻ നിർദേശിക്കുമെന്നുമാത്രമാണ് റഗുലേഷനിലുള്ളത്. ഇവർ തയ്യാറാക്കുന്ന പട്ടികയിൽനിന്നാണ് ചാൻസലർ, വിസി നിയമനത്തിന് ഒരു പേര് നിർദേശിക്കേണ്ടത്.
അക്കാദമിക് മികവ്, രാജ്യത്തെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയെകുറിച്ചുള്ള ധാരണ, പഠന, ബോധന, ഭരണ നിർവഹണ മേഖലയിലെ പരിചയം തുടങ്ങിയവയ്ക്ക് വിസി നിർണയ യോഗ്യതകളിൽ മുൻഗണന നൽകണമെന്നും യുജിസി നിർദേശിക്കുന്നു. പ്രൊഫസറായോ ഗവേഷണ സ്ഥാപനത്തിൽ സമാന തസ്തികയിലോ അക്കാദമിക, ഭരണ ചുമതലകളിലോ പത്തുവർഷത്തെയെങ്കിലും പരിചയമുള്ള പ്രശസ്ത പണ്ഡിതനാകണം. പാണ്ഡിത്യം, ഭരണ നിർവഹണ മേഖലയിലെ കാര്യശേഷി, ധാർമികത, ആത്മവീര്യം, സ്ഥാപനത്തോടുള്ള കൂറ് തുടങ്ങിയവ തെരഞ്ഞെടുക്കപ്പെടേണ്ട വൈസ് ചാൻസലറുടെ മുഖ്യയോഗ്യതയായി യുജിസി റഗുലേഷനിൽ പറയുന്നു.
ചാൻസലറുടെ പ്രതിനിധി സെർച്ച് കമ്മിറ്റിയിൽ
തങ്ങളുടെ പ്രതിനിധി ഒഴികെ, സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെ ആകണമെന്ന കാര്യത്തിൽ യുജിസി നിർദേശമൊന്നുമില്ല. എന്നാൽ, കേരളത്തിലെ സർവകലാശാലകളുടെ സെർച്ച് കമ്മിറ്റിയിൽ വൈസ് ചാൻസലറുടെ പ്രതിനിധിയെ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. ഒപ്പം ഉന്നത വിദ്യാഭ്യാസ കൗൺസിലിനും സർവകലാശാല സിൻഡിക്കറ്റിനും സംസ്ഥാന സർക്കാരിനും ഒരു പ്രതിനിധി വീതം നിശ്ചയിച്ചതിലൂടെ എല്ലാ വിഭാഗത്തിന്റെയും സൂക്ഷ്മ പരിശോധനയ്ക്ക് അവസരമൊരുക്കുന്നു. ചാൻസലറുടെ പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ ഉറപ്പാക്കുന്നു. ഒപ്പം, സമിതിയുടെ ഭൂരിപക്ഷ അഭിപ്രായത്തിൽമാത്രം നൽകുന്ന മൂന്നംഗ വിസി പട്ടികയിലെ ഒരാളെ നിശ്ചയിക്കാനുള്ള അധികാരവും ഗവർണർക്ക് ഉറപ്പാക്കുന്നു.
മിക്കയിടത്തും ഏഴംഗ കമ്മിറ്റി
രാജ്യത്തെ ഭൂരിപക്ഷം സർവകലാശാലയിലും വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ഏഴ് അംഗങ്ങൾ. നാലുമുതൽ 13 വരെ അംഗങ്ങളെ ഉൾപ്പെടുത്തുന്ന സംസ്ഥാനങ്ങളുമുണ്ട്.
ചില സർവകലാശാലയിൽ അഞ്ച് അനൗദ്യോഗിക അംഗങ്ങൾ ഉൾപ്പെടെയാണ് 13 അംഗ കമ്മിറ്റിയെ നിയോഗിക്കുന്നത്. അപൂർവം സംസ്ഥാനങ്ങളിലാണ് ചാൻസലറുടെ പ്രതിനിധിയുള്ളത്. യുജിസി പ്രതിനിധിക്കു പുറമെ, സർവകലാശാലാ സെനറ്റ്, സിൻഡിക്കറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, ഇതര സർവകലാശാലാ വിസിമാർ ഉൾപ്പെടെയുള്ളവരെ അംഗങ്ങളാക്കുന്ന ചില സംസ്ഥാനങ്ങൾ ചാൻസലറെ ഒഴിവാക്കുന്നു. സമിതി നൽകുന്ന പട്ടികയിൽനിന്ന് ഒരാളെ നിർദേശിക്കാനുള്ള ചുമതല മാത്രമാണ് ചാൻസലർക്ക് നൽകുന്നത്. വിസിമാരെ പുനർനിയമിക്കുന്നത് ശരിയല്ലെന്ന വാദവും നിലനിൽക്കുന്നില്ല. രാജ്യത്തെ 58 ശതമാനം വിസിമാർക്കും പുനർനിയമനം ലഭിച്ചിട്ടുണ്ട്. 28 ശതമാനത്തിനു മാത്രമാണ് ലഭിക്കാതിരുന്നത്. 14 ശതമാനത്തിന്റെ വിവരം ലഭ്യമായിട്ടില്ല.
സെർച്ച് കമ്മിറ്റി പട്ടികയിൽനിന്നായിരിക്കണം ചാൻസലറായ ഗവർണർ വിസി നിയമനം നടത്തേണ്ടതെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സർവകലാശാലയ്ക്ക് ഫണ്ട് ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്, അതിന്റെ ഭരണത്തലവനെ തെരഞ്ഞെടുക്കുന്നതിൽ ഒരു അഭിപ്രായവും രേഖപ്പെടുത്താൻ കഴിയാത്ത സ്ഥിതിയും പരക്കെ വിമർശിക്കപ്പെട്ടിരുന്നു. സർവകലാശാലാ നിയമനിർമാണം നടത്തുന്ന നിയമസഭയോട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. സർവകലാശാലാ നടത്തിപ്പിലും ഈ ഉത്തരവാദിത്വം ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റിയിൽ സംസ്ഥാന സർക്കാർ പ്രതിനിധിയുമുള്ളത്.
ഭേദഗതി യുജിസി
മാനദണ്ഡപ്രകാരം:
മന്ത്രി രാജീവ്
യുജിസി മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി പി രാജീവ്. 2018ൽ പുതുക്കിയതാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ. ജനാധിപത്യ സംവിധാനമനുസരിച്ച് ബില്ലുകൾ പാസാക്കും. ബിൽ ഗവർണർ പരിശോധിച്ച് തുടർ നടപടികളെടുക്കും. ബില്ലിൽ ഒപ്പിടില്ലെന്ന സൂചന കണ്ടിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.