കാസർകോട്
അധ്യാപക നിയമനത്തിനുപിന്നാലെ, വൈസ് ചാൻസലർ അടക്കമുള്ള ഉന്നത തസ്തികയിലും കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്നത് വലിയ ക്രമക്കേട്. ഇതു സംബന്ധിച്ച വിവരാവകാശരേഖ പുറത്തുവന്നു. വിസി നിയമനത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി നൽകിയ പേരുകൾ അപ്പാടെ അട്ടിമറിച്ചാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചത്.
സെർച്ച് കമ്മിറ്റി പ്രാഥമിക റൗണ്ടിൽത്തന്നെ തള്ളിയ എച്ച് വെങ്കിടേശ്വർലു ആണ് ഇപ്പോൾ വൈസ് ചാൻസലർ. ഇയാൾക്ക് വേണ്ടി ആന്ധ്രയിലെ ഉന്നത സംഘപരിവാർ നേതാവ് അവിഹിതമായി ഇടപെടുകയായിരുന്നു. 2019 ജൂണിലാണ് പുതിയ വിസിക്കായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ബിലാസ്പൂർ ഗുരുഗാസിദാസ് കേന്ദ്ര സർവകലാശാലാ ചാൻസലർ അശോക് ഗജാനനൻ മോഡക് കൺവീനറായ സമിതി 223 അപേക്ഷകരിൽ നിന്നും 16 പേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഈ പട്ടികയിൽ ഇപ്പോഴത്തെ വിസി ഉണ്ടായിരുന്നില്ല. പിന്നീട്, ഇതേ സമിതി അഞ്ചുപേരുടെ പട്ടികയുണ്ടാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് സമർപ്പിച്ചു. എന്നാൽ, പട്ടികയും അട്ടിമറിച്ചു. ആദ്യറൗണ്ടിൽത്തന്നെ തള്ളിയ പട്ടികയിൽനിന്ന് വീണ്ടും അഞ്ചുപേരെ കണ്ടെത്തി അതിലെ അവസാന പേരുകാരനെയാണ് വൈസ് ചാൻസലറാക്കിയത്. ഇതിനെതിരെ ശബ്ദമുയർത്തിയ, ആദ്യ പട്ടികയിലെ ഒന്നാം പേരുകാരൻ പ്രൊഫ. ബട്ടു സത്യനാരായണയെ കർണാടക കേന്ദ്ര സർവകലാശാലയിൽ വിസിയാക്കി പ്രശ്നം തീർത്തു.
നിയമനത്തിനെതിരെ ഹൈക്കോടതിയിലേക്ക്
കേന്ദ്ര സർവകലാശാല വിസി നിയമനത്തിൽ മെറിറ്റ് അട്ടിമറിച്ചുവെന്ന് കാണിച്ച് വിവരാവകാശ പ്രവർത്തകർ ഹൈക്കോടതിയിലേക്ക്. ഉത്തരാഖണ്ഡ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. നവീൻ പ്രകാശ് നൊട്ടിയാലാണ് ക്രമക്കേടിലെ രേഖകൾ സമ്പാദിച്ചത്. ഇദ്ദേഹം കാസർകോട്ടുമെത്തി. ഗുജറാത്ത്, അലഹബാദ്, ജാർഖണ്ഡ് കേന്ദ്ര സർവകലാശാലകളിലും സംഘപരിവാർ ഇടപട്ട് നടത്തിയ നിയമന അഴിമതിക്കെതിരെ ഇദ്ദേഹം അതത് ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. ഉടൻ കേരള ഹൈക്കോടതിയിലും ഹർജി സമർപ്പിക്കും.