കൊച്ചി
കനത്ത മഴയിലും പ്രളയത്തിലും അയൽസംസ്ഥാനങ്ങളിലെ കൃഷി നശിച്ചത് പൊതുവിപണിയിൽ അരിയുടെയും പച്ചക്കറിയുടെയും വിലക്കയറ്റത്തിന് കാരണമായി. അരിയുടെയും പച്ചക്കറിയുടെയും വരവ് കുറഞ്ഞു. ജയ അരിയുടെ വരവ് കുറഞ്ഞതോടെ മൊത്തവിൽപ്പന വില 47–-49 രൂപയായി ഉയർന്നു. മൂന്ന് മാസത്തിനുള്ളിൽ 10 രൂപയാണ് വർധിച്ചത്. 38–-40 രൂപയായിരുന്ന സുരേഖയ്ക്ക് 42–-43 രൂപയായെന്നും കലൂരിലെ അരി മൊത്തവിതരണക്കാരായ റാവു ട്രേഡേഴ്സ് ഉടമ കെ ബി വിഘ്നേഷ് പറഞ്ഞു.
നെല്ല് ക്ഷാമംമൂലം ചെറുകിട അരിമില്ലുകൾ പലതും പ്രവർത്തിക്കുന്നില്ലെന്ന് ആന്ധ്രയിലെ മൊത്തവിതരണക്കാർ പറയുന്നു. കർണാടകത്തിൽനിന്ന് വരുന്ന മട്ട അരിക്കും 10 രൂപയിലധികം കൂടി, മൊത്തവില 51–-55 രൂപയായി. പച്ചരിക്ക് അഞ്ചു രൂപ വർധിച്ച് 26–-33 രൂപയുമായി. ചില്ലറവ്യാപാരികളിലൂടെ ഉപഭോക്താക്കളിലെത്തുമ്പോൾ വില വീണ്ടും കൂടും. രണ്ട് മാസത്തിനുള്ളിൽ ചെറുപയറിനും കടലയ്ക്കും 10 രൂപ വർധിച്ചു. തുവരപ്പരിപ്പിന് ഒന്നരമാസത്തിനുള്ളിൽ 20 രൂപ കൂടി. രണ്ട് മാസംമുമ്പ് 245 രൂപയായിരുന്ന മുളകിന് 310 രൂപയായി. മൈദയ്ക്ക് അഞ്ച് രൂപ വർധിച്ചു.
പച്ചക്കറിയിൽ വില കൂടിയത് കാരറ്റിനാണ്. രണ്ട് മാസംമുമ്പ് ചില്ലറവിൽപ്പന വില 70 രൂപയായിരുന്ന കാരറ്റിന് ബുധനാഴ്ച കൊച്ചി കലൂർ മാർക്കറ്റിൽ 100 രൂപയായി. 50 രൂപയ്ക്ക് കിട്ടിയിരുന്ന ഇഞ്ചിക്ക് 80 രൂപയായി. പാവയ്ക്ക വില മൂന്നാഴ്ചയ്ക്കുള്ളിൽ 20 രൂപയിലധികവും പച്ചമാങ്ങയ്ക്ക് ഒരു മാസത്തിനുള്ളിൽ 30 രൂപയോളവും വർധിച്ചെന്നും ചില്ലറവ്യാപാരികൾ പറയുന്നു.