കൊച്ചി
ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സെപ്തംബർ ഒന്നിനുമുമ്പ് തുക നൽകണം. ജൂലൈ, ആഗസ്തിലെ ശമ്പളവും ഓണം അലവൻസും നൽകണമെന്നും കോടതി ഉത്തരവിട്ടു. പണം നൽകാൻ 10 ദിവസത്തെ സാവകാശം സർക്കാർ തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ശമ്പളം കൃത്യസമയത്ത് നൽകണമെന്നും അധിക ഡ്യൂട്ടി ചെയ്യാൻ നിർദേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ആർ ബാജിയും മറ്റും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ നിവൃത്തിയില്ലെന്നും ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയാലേ സഹായിക്കൂവെന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി അറിയിച്ചു. പണം നൽകാൻ ധനവകുപ്പ് തടസ്സം പറയുന്നുണ്ടെന്നും ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നും സർക്കാർ അറിയിച്ചു.