കൊച്ചി
സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) സുവർണജൂബിലി ആഘോഷങ്ങൾ കേന്ദ്ര വാണിജ്യസഹമന്ത്രി അനുപ്രിയ പട്ടേൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2025 ആകുമ്പോഴേക്കും സമുദ്രോൽപ്പന്ന കയറ്റുമതിയിലൂടെ ഒരുലക്ഷംകോടി രൂപ വരുമാനമാണ് ലക്ഷ്യംവച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. സുവർണജൂബിലി കോഫിടേബിൾ ബുക്ക് മന്ത്രി പ്രകാശിപ്പിച്ചു.
കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. സമുദ്രോൽപ്പന്ന മേഖലയിലെ സമഗ്രവികസനത്തിന് കയറ്റുമതിയുടെ 90 ശതമാനവും ഉപയോഗിക്കാവുന്ന 20 വിപണികൾ കണ്ടെത്തുക, സംസ്ഥാനങ്ങളുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കുക, അഞ്ച് വർഷത്തിനുള്ളിൽ 2000 കോടി ഡോളർ കയറ്റുമതിലക്ഷ്യം നേടുക, ആന്റിബഡികൾ–-സൂക്ഷ്മജീവികൾ എന്നിവ സമുദ്രോൽപ്പന്നങ്ങളിൽ കലരാതിരിക്കാൻ ബോധവൽക്കരണം ശക്തമാക്കുക എന്നീ നാല് നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. വനാമി ചെമ്മീൻ കൃഷിയിലേക്ക് രണ്ടുലക്ഷം കർഷകരെക്കൂടി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംപി, എംപിഇഡിഎ ചെയർമാൻ ഡി വി സ്വാമി, ടി കെ എ നായർ, കെ ബി പിള്ള, ലീനാനായർ, പോൾ ആന്റണി, എ ജയതിലക്, സമുദ്രോൽപ്പന്ന കയറ്റുമതിക്കാരായ ജഗദീഷ് ഫൊഫാൻഡി, ഡോ. എം കാർത്തികേയൻ, കെ എസ് പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. 2019-–-20, 2020–-21 കാലയളവിലെ ഏഴ് വിഭാഗത്തിലുള്ള കയറ്റുമതി പുരസ്കാരങ്ങളും സമ്മാനിച്ചു.