തിരുവനന്തപുരം
വ്യവസായരംഗത്തെ വലിയ നേട്ടങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചയുടെ ഭാഗമാകുന്നില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിക്ഷേപസൗഹൃദ സൂചികയിൽ 13 പടി കയറി സംസ്ഥാനം 15–-ാം സ്ഥാനത്തെത്തി. കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി ബിൽ) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സംരംഭക വർഷത്തിന്റെ ഭാഗമായി തുടങ്ങിയ പുതിയ സംരംഭങ്ങൾ അമ്പതിനായിരം കടക്കുകയാണ്.
ലൈസൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. പി നന്ദകുമാർ, വി ശശി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇതുൾപ്പെടെ അഞ്ച് ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടു. ഒരു ബിൽ സെലക്ട് കമ്മിറ്റി പരിഗണിക്കും.
പൊതുമേഖലയിലെ പിഎസ്സിക്കു വിട്ടത് ഒഴികെയുള്ള മുഴുവൻ നിയമനവും പ്രത്യേക സെലക്ഷൻ ബോർഡിന് വിടുന്ന കേരള പബ്ലിക് എന്റർപ്രൈസസ് ( സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ബില്ലും മന്ത്രി പി രാജീവ് അവതരിപ്പിച്ചു. കെ എൻ ഉണ്ണികൃഷ്ണൻ, കെ പി മോഹനൻ, പി ഉബൈദുള്ള, ടി സിദ്ദിഖ് എന്നിവർ സംസാരിച്ചു. ധന കമീഷൻ ശുപാർശയ്ക്ക് അനുസരിച്ച് സംസ്ഥാന ധന ഉത്തരവാദിത്വ നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന കേരള ധന സംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാത്യു കുഴൽനാടൻ എന്നിവർ സംസാരിച്ചു. മന്ത്രി ആർ ബിന്ദു അവതരിപ്പിച്ച സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലിൽ കെ ടി ജലീൽ, ടി വി ഇബ്രാഹീം എന്നിവർ സംസാരിച്ചു.