തിരുവനന്തപുരം
സർക്കാരും ഗവർണറും ഏറ്റുമുട്ടാനായി സാഹചര്യം മെനഞ്ഞെടുക്കുന്നത് രാജ്ഭവനിലെ ഉപജാപക- മാധ്യമ സംഘം. ഗവർണറെ തെറ്റിദ്ധരിപ്പിച്ച് അഭിപ്രായ ഭിന്നത മൂർച്ഛിപ്പിക്കുകയും അതുവഴി ഭരണസ്തംഭനം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
ബിജെപി മുഖപത്രത്തിൽനിന്ന് രാജ്ഭവനിലെത്തിയ മാധ്യമപ്രവർത്തകനാണ് ഉപജാപക/ മാധ്യമ ഗൂഢാലോചനയുടെ സൂത്രധാരൻ. വിരമിച്ചിട്ടും പിആർഒ പദവിയിൽ തുടരുന്ന വ്യക്തിയും കൂടെയുണ്ട്. പ്രതിപക്ഷ നേതാവിനൊപ്പമുള്ള മുൻ മാധ്യമ പ്രവർത്തകനും സഹായി ആണെന്നാണ് വിവരം. ആർഎസ്എസ്–- ബിജെപി നേതാക്കളുടെ ആശിർവാദവും ഇവർക്കുണ്ട്. പേഴ്സണൽ സ്റ്റാഫിലുള്ള ചിലരാണ് മലയാള പത്രങ്ങളിലെ വാർത്ത പരിഭാഷ ചെയ്തുകൊടുക്കുന്നത്. ‘വാട്ട് എബൗട്ട് സിപിഐ എം പേപ്പർ?’ എന്ന് ദിവസവും ഗവർണർ ചോദിക്കാറുണ്ടത്രേ. മലയാള പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ വാർത്തകളുടെ രത്നച്ചുരുക്കം എന്നു പറഞ്ഞ് പരിഭാഷപ്പെടുത്തി നൽകുന്നവ പലതും നുണയായിരിക്കും. ഏത് പോയിന്റ് പറഞ്ഞാലാണ് ഗവർണർ ദേഷ്യപ്പെടുക എന്നറിയാവുന്ന സംഘം അത് പ്രാധാന്യത്തോടെ അറിയിക്കും.
ന്യൂഡൽഹിയിൽ ആയിരിക്കുമ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ അയച്ചുകൊടുത്തു. സർക്കാരിനെതിരെയുള്ള കുപ്രചാരണം പൊളിയുമ്പോഴാണ് ഗവർണറെ മുൻനിർത്തിയുള്ള വേട്ട. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്റെ ചില പ്രധാനികൾ രാജ്ഭവനിലെ സ്ഥിരം സന്ദർശകരാണ്. തങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് സെനറ്റും സിൻഡിക്കറ്റും വൈസ് ചാൻസലർമാരും പ്രവർത്തിക്കാതെ വരുമ്പോൾ ഗവർണറെ തെറ്റിദ്ധരിപ്പിച്ച് വിവാദങ്ങളും വാർത്തകളും സൃഷ്ടിക്കുകയാണ് ഇവർ.