തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളെയാകെ ഇകഴ്ത്തിക്കാണിക്കാനും മാധ്യമ പിന്തുണയോടെ അപഹസിക്കാനും ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തിയ അടിയന്തരപ്രമേയ നാടകത്തിന് ‘കണക്കി’ന് മറുപടി നൽകി സർക്കാർ. ആറു വർഷത്തിനിടെ കേരളം കൈവരിച്ച നേട്ടങ്ങളും അതിനായി സർക്കാർ നടത്തിയ ഇടപെടലുകളുമാണ് മന്ത്രി ആർ ബിന്ദു അക്കമിട്ട് സഭയിൽ നിരത്തിയത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവാരത്തകർച്ചയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.
സംസ്ഥാനത്ത് വിജ്ഞാന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം ഓർമിപ്പിച്ച് തുടങ്ങിയ മന്ത്രി നേട്ടങ്ങൾ ഓരോന്നായി വിശദീകരിച്ചു. 2021–-22ലെ ബജറ്റ് മുന്നോട്ടുവച്ച 30 അന്തർസർവകലാശാല ഗവേഷണ കേന്ദ്രത്തിൽ ആറെണ്ണത്തിന് പ്രാരംഭ പ്രവർത്തനങ്ങളായി.
മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ 1000 വിദ്യാർഥി പ്രതിഭകൾക്ക് ലക്ഷം രൂപവീതം സ്കോളർഷിപ്പും 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് 77 പേർക്കും നൽകി.
ആയിരം കോടിയിലധികം രൂപയുടെ പുതിയ മുതൽമുടക്കും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 20 കോടി രൂപ ചെലവിൽ സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ ലബോറട്ടറികൾ സ്ഥാപിക്കാൻ 200 കോടി രൂപയും 1500 ഡൊമസ്റ്റിക് ഹോസ്റ്റൽ മുറിയും 250 അന്താരാഷ്ട്ര ഹോസ്റ്റൽ മുറിയും നിർമിക്കാൻ 100 കോടി രൂപയും മാറ്റിവച്ചു. നവീന കോഴ്സുകൾക്ക് ഒരു സർവകലാശാലയ്ക്ക് 20 കോടിവീതം നൽകും. ബജറ്റിൽ പെടാതെ 96 കോടി രൂപയ്ക്ക് ഉന്നത വിദ്യാഭ്യാസ ശാക്തീകരണത്തിനും തീരുമാനമായി.
കിഫ്ബി ഫണ്ടിൽനിന്ന് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് 398.52 കോടിയും ഹെറിറ്റേജ് കോളേജുകൾക്ക് 87.84 കോടിയും സർക്കാർ എൻജിനിയറിങ് കോളേജുകൾക്ക് 76.5 കോടിയും പോളിടെക്നിക്കുകൾക്ക് 53.05 കോടിയും സർവകലാശാലകൾക്ക് 322.37 കോടി രൂപയും ലഭ്യമാക്കി.
‘റൂസ’യിൽപ്പെടുത്തി സർക്കാർ കോളേജുകൾക്ക് 55.03 കോടി രൂപയും എയ്ഡഡ് കോളേജുകൾക്ക് 108.5 കോടിയും സർവകലാശാലകൾക്ക് 110.68 കോടി രൂപയും പശ്ചാത്തല സൗകര്യ വികസനത്തിന് ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.