തിരുവനന്തപുരം
തദ്ദേശസ്വയംഭരണ സ്ഥാപന പ്രവർത്തനം ഊർജിതപ്പെടുത്താനും സേവനങ്ങൾ വേഗത്തിലാക്കാനും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘടന സഹായകരമാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നിയമസഭയിൽ കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രാദേശിക വികസനം, ആസൂത്രണം, ദുരന്തനിവാരണം തുടങ്ങിയവയിൽ യോജിച്ചു പ്രവർത്തിക്കേണ്ട ജീവനക്കാർ പരസ്പരബന്ധമില്ലാതെ കഴിയുന്ന രീതി ഇതോടെ അവസാനിക്കും.
സംസ്ഥാന തലത്തിൽ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയുമാണ് ഉണ്ടാകുക. വകുപ്പ് അധ്യക്ഷനും ജില്ലാ മേധാവിക്കും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾക്ക് മുകളിൽ ഒരധികാരവുമില്ല. ഓരോ സ്ഥാപനത്തിനും കൂടുതൽ മെച്ചപ്പെട്ട വിധത്തിൽ ഉദ്യോഗസ്ഥരെ ലഭ്യമാക്കാനുള്ള പൊതുസർവീസാണ് യാഥാർഥ്യമാകുന്നത്. അവസാനത്തെ ജീവനക്കാരനും നിലവിൽ ലഭിച്ചുവരുന്ന പ്രൊമോഷൻ ഉൾപ്പെടെ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.