തിരുവനന്തപുരം-
ബജറ്റിതര വിഭവസമാഹരണം കേന്ദ്രത്തിനാകാം കേരളത്തിനായിക്കൂടാ എന്നാണ് കേന്ദ്ര സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2022ലെ സിഎജി റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഇന്ത്യാ ഹോൾഡിങ് കമ്പനി, ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപറേഷൻ, ദേശീയപാതാ അതോറിറ്റി തുടങ്ങിയവ എടുക്കുന്ന കടം കേന്ദ്ര സർക്കാർ കണക്കിൽ കാണിച്ചിട്ടില്ല.
എയർ ഇന്ത്യാ ഹോൾഡിങ് കമ്പനി 21,985 കോടി കടമെടുത്തപ്പോൾ 7000 കോടി മാത്രമാണ് സ്റ്റേറ്റ്മെന്റിൽ കാണിച്ചത്. ഉൾപ്പെടുത്താത്ത 14,985 കോടിക്ക് കേന്ദ്ര സർക്കാർ ഗ്യാരന്റിയും നൽകിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപറേഷന്റെ 36,400 കോടി കടവും സ്റ്റേറ്റ്മെന്റിൽ കാണിച്ചിട്ടില്ല. 2016-–-17ൽ കേന്ദ്ര സർക്കാർ 79,167 കോടിയും 2017–-18ൽ 88,095 കോടിയും 2018-–-19ൽ 1,62,605 കോടിയും 2019–-20ൽ 1,48,316 കോടിയുമാണ് ബജറ്റിതര വിഭവസമാഹരണത്തിനായി കടമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.