തിരുവനന്തപുരം-
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന റവന്യു വരുമാനത്തിന്റെ പ്രധാനസ്രോതസ്സ് കേന്ദ്ര നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളിലെ വിഭവ കൈമാറ്റവുമാണ്. കുറെ വർഷങ്ങളായി കേരളത്തിന്റെ വിഹിതത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. കേന്ദ്ര ആസൂത്രണ കമീഷൻ ഉണ്ടായിരുന്നപ്പോൾ ലഭിച്ച ഒറ്റത്തവണ കേന്ദ്രസഹായം, അധിക കേന്ദ്രസഹായം, സാധാരണ കേന്ദ്രസഹായം എന്നിവ നിർത്തലാക്കി.
ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി വർധനനയ്ക്കുള്ള ഇടപെടലുകൾക്ക് പരിമിതിയും നിയന്ത്രണവുമുണ്ടായി. പെട്രോളിയം ഉൽപ്പന്നങ്ങൾ, മദ്യം തുടങ്ങി ചുരുക്കം ഇനങ്ങൾക്കുമാത്രമാണ് നികുതി ഏർപ്പെടുത്താൻ അധികാരമുള്ളത്. പെട്രോളിൽനിന്ന് സ്പെഷ്യൽ എക്സൈസ് നികുതി എന്നപേരിൽ കഴിഞ്ഞവർഷം 5.25 ലക്ഷം കോടിയാണ് കേന്ദ്രം പിരിച്ചെടുത്തത്. ഇത് ജനറൽ നികുതിയായിരുന്നെങ്കിൽ 4000 കോടിയെങ്കിലും കേരളത്തിന് ലഭിച്ചേനെ. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ ഫിസ്കൽ ഫെഡറലിസത്തെ മാത്രമല്ല, ഭരണ–-രാഷ്ട്രീയ ഫെഡറൽ അവകാശങ്ങളിലും കേന്ദ്രം കയറിപ്പിടിക്കുകയാണ്. കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന വിവേചനത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.