കൊച്ചി
യുഡിഎഫ് ഭരണകാലത്ത്, പണിത ഉടൻ തകർന്ന പാലാരിവട്ടം മേൽപ്പാലം പുനർനിർമാണത്തിനു ചെലവായ പണം കരാറുകാരായ ആർഡിഎസ് പ്രോജക്ട്സിൽനിന്ന് തിരികെ പിടിക്കാൻ നിയമനടപടികൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. പാലം പുനർനിർമാണത്തിന് ചെലവായ 28 കോടി രൂപ ആവശ്യപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) വാണിജ്യ (കൊമേഴ്സ്യൽ) കോടതിയെ സമീപിച്ചു. ആർബിഡിസികെ കൗൺസൽ അഡ്വ. കെ വി മനോജ് കുമാർ മുഖേനയാണ് കേസ് ഫയൽ ചെയ്തത്.
കരാർ വ്യവസ്ഥകൾക്കനുസരിച്ച് തകരാറുകളില്ലാത്ത പാലം നിർമിച്ചുനൽകുന്നതിൽ ആർഡിഎസ് പ്രോജക്ട്സ് പരാജയപ്പെട്ടുവെന്ന് സർക്കാർ പറഞ്ഞു. തകരാറിലായ പാലം പിന്നീട് ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് നിർമാണം പൂർത്തിയാക്കിയത്. പുനർനിർമാണത്തിന് ആവശ്യമായ 27.49 കോടി രൂപ നൽകിയത് സംസ്ഥാന സർക്കാരാണ്. പുനർനിർമാണത്തിന്റെ ഭാഗമായി ഐഐടി മദ്രാസിന്റെ പഠന ചെലവായി 70,89,498 രൂപ വേണ്ടിവന്നു. ഇതുകൂടി ഉൾപ്പെടുത്തി 28,20,08,498 കോടി രൂപയാണ് ആർഡിഎസ് നൽകേണ്ടത്. തുക ആവശ്യപ്പെട്ട് ആർഡിഎസിന് ഫെബ്രുവരി 11ന് ആർബിഡിസികെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തെറ്റായ വാദങ്ങളും കരാർവ്യവസ്ഥകൾക്ക് വിരുദ്ധമായ മറുപടിയുമാണ് കമ്പനി നൽകിയത്. ഇതേത്തുടർന്നാണ് ആർബിഡിസികെ കോടതിയെ സമീപിച്ചത്.