കൊച്ചി
മലയാളികളുടെ ദേശീയോത്സവമായ ഓണം ആഘോഷിക്കാൻ സർവവിധ സന്നാഹവുമൊരുക്കി സംസ്ഥാന സർക്കാർ. സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതിന് പുറമെ സംസ്ഥാനത്ത് സപ്ലൈകോയും കൺസ്യൂമർഫെഡും ചേർന്ന് 1600 ഓണച്ചന്തകളാണ് തുറക്കുന്നത്. ഇവയിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടെ വിതരണം ചെയ്യുന്നു. ഹോർട്ടികോർപ് വഴി പച്ചക്കറിയും കായ്കുലകളും സംഭരിച്ച് വിതരണം ചെയ്യും. പുറമെ 60 ലക്ഷത്തിലേറെപ്പേർക്ക് സാമൂഹ്യക്ഷേമപെൻഷനും ഓണക്കാലത്ത് കൈകളിലെത്തും.
കനത്തമഴയും വെള്ളപ്പൊക്കവുംമൂലം അയൽസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വരവ് കുറഞ്ഞിട്ടും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞത് സർക്കാരിന്റെ ഈ ഇടപെടൽ മൂലമാണ്. ഓണച്ചന്തകളിൽ സാധനങ്ങൾക്ക് റേഷൻ കാർഡ് അടിസ്ഥാനമാക്കിയാണ് സബ്സിഡി നൽകുക. പൊതുവിപണിയിലെ വിലയുടെ നേർപകുതി വിലയ്ക്കാണ് അരി നൽകുന്നത്. ഓണക്കാലത്തും അത് തുടരും.
29 മുതൽ സെപ്തംബർ ഏഴുവരെ തുടർച്ചയായി 10 ദിവസം ഓണച്ചന്തകൾ പ്രവർത്തിക്കും. കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷന്റെ ഉന്നത നിലവാരത്തിലുള്ള വിവിധ ഇനം കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ പൊതുവിപണിയിലേക്കാൾ 15 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. ഹോർട്ടികോർപുമായി ചേർന്ന് പച്ചക്കറി, പ്രാദേശികമായി സംഭരിച്ച് വിപണിയിൽ എത്തിക്കും. മിൽമയുമായി സഹകരിച്ച് ഓണസദ്യക്കുള്ള ആറ് ഇനം അടങ്ങിയ സ്പെഷ്യൽ കിറ്റും റെഡിയാണ്. 356 രൂപയുള്ള കിറ്റ് 297 രൂപയ്ക്ക് നൽകും. പാലട മിക്സ്, നെയ്യ്, പാൽ, വെജിറ്റബിൾ ബിരിയാണി മിക്സ്, ഗുലാബ് ജാമുൻ എന്നിവയാണ് മിൽമ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ഷേമ പെൻഷൻ ഉടൻ കൈകളിലെത്തും
ജൂലൈ, ആഗസ്ത് മാസങ്ങളിലെ സാമൂഹ്യക്ഷേമ പെൻഷൻ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 50,13,085 പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകും. 16 ക്ഷേമനിധി ബോർഡിലെ 6,69,936 ഗുണഭോക്താക്കൾക്കും പെൻഷൻ എത്തിക്കും. 1297 പേർക്ക് സർക്കസ് കലാകാരപെൻഷനും 190 പേർക്ക് അവശ കായിക പെൻഷനും 2666 പേർക്ക് കലാകാരപെൻഷനും 216 പേർക്ക് അവശ കലാകാരപെൻഷനും നൽകും. തനതുഫണ്ടുപയോഗിച്ച് ക്ഷേമനിധിബോർഡിലെ 4,13,649 പേർക്കും ക്ഷേമപെൻഷൻ നൽകുന്നുണ്ട്.