കോയമ്പത്തൂർ > ബിജെപിയിൽ അധികാരവും സ്ഥാനമാനങ്ങളും പണമുള്ളവർക്കുമാത്രമായി മാറിയെന്ന് തമിഴ്നാട് മിഹളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി മൈഥിലിവിനോ ഫെയ്സബുക്ക് കുറിപ്പിൽ ആരോപിച്ചു. റിയൽഎസ്റ്റേറ്റ് കച്ചവടം നടത്തി 310 കോടി രൂപ സമ്പാദിച്ചയാളാണ് ബിജെപി കോയമ്പത്തൂർ ജില്ലാ സെക്രട്ടറി.
ബിജെപി എന്നാൽ എന്താണെന്ന് ജനത്തിന് അറിയാത്ത കാലത്ത് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയും സംഘടനാതലത്തിൽ നേട്ടമുണ്ടാക്കുകയും ചെയ്ത ആളാണ് താൻ. എന്നാൽ ഇപ്പോൾ സംഘടനയെ കൈപ്പിടിയിൽ ഒതുക്കിയവർ ബിജെപി എന്താണെന്ന് അറിയാത്തവരാണ്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന ബിജെപിയിൽ തുടരാൻ കഴിയാത്തതിനാൽ ഡിഎംകെയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താനെന്നും മൈഥിലിവിനോ പറഞ്ഞു. അതേസമയം പാർടിവിരുദ്ധ നടപടിക്ക് മൈഥിലിവിനോയെ പുറത്താക്കിയതായി ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ് ബാലാജി ഉത്തമരാമസ്വാമി പ്രസ്താവനയിൽ അറിയിച്ചു.