ന്യൂഡൽഹി > മന്ത്രി വീണാ ജോർജിന്റെ 2016ലെ തെരഞ്ഞെടുപ്പ് ജയം ചോദ്യംചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് ജയത്തിനായി മതചിഹ്നങ്ങളെ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചുള്ള ഹർജി ജസ്റ്റിസ് സഞ്ജീവ്ഖന്നാ അദ്ധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
ആറൻമുളയിൽ വീണാജോർജിന്റെ എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായരുടെ ഇലക്ഷൻ ഏജന്റായിരുന്ന വി ആർ സോജിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നാമനിർദേശപത്രികയിൽ ചില വിവരങ്ങൾ മറച്ചുവെച്ചെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. 2017 ഏപ്രിലിൽ ഈ ഹർജി കേരളാഹൈക്കോടതി തള്ളിയിരുന്നു.
ഇതേതുടർന്നാണ്, ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. വീണാജോർജ് മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന ആരോപണം തെളിയിക്കാനുള്ള തെളിവുകളൊന്നും ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ വാദം ശരിവെച്ചാണ് സുപ്രീംകോടതിയും ഹർജി തള്ളിയത്.