ന്യൂഡൽഹി> കോൺഗ്രസ് പാർടി പാദസേവകരുടെയും മുഖസ്തുതിക്കാരുടെയും കൂടാരമായതായി ആരോപിച്ച് ദേശീയ വക്താവ് ജയ്വീർ ഷെർഗിൽ സ്ഥാനം രാജിവെച്ചു. ഹൈക്കമാന്റ് നൽകിയ ചുമതലകളിൽ നിന്ന് മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദും ആനന്ദ് ശർമ്മയും രാജിവെച്ചതിന് പിന്നാലെയാണ് ഷെർഗിലിന്റെ രാജി. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതായി ഷെർഗിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് പാദസേവകരായ ഒരു കൂട്ടം വ്യക്തികളുടെ പിടിയിലമർന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സോണിയക്കയച്ച കത്തിൽ ഷെർഗിൽ വ്യക്തമാക്കി. രാഹുലിന്റെ അടുപ്പക്കാരായ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, അജയ് മാക്കൻ, രൺദീപ് സുർജെവാല തുടങ്ങി ഒരു പിടി സോണിയ കുടുംബഭക്ത നേതാക്കൾ യാതൊരു കൂടിയാലോചനയും നടത്താതെ സംഘടനാകാര്യങ്ങൾ തീരുമാനിക്കുന്നതിൽ വിയോജിച്ചാണ് ഷെർഗിലിന്റെ കടുത്ത നടപടി.
രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ താൽപ്പര്യങ്ങൾ പരിഗണിക്കാതെയാണ് കോൺഗ്രസിൽ നിലവിൽ തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഷെർഗിൽ സോണിയക്കുള്ള കത്തിൽ പറഞ്ഞു. സ്വന്തം താൽപ്പര്യം മാത്രം മുൻനിർത്തി പാദസേവയിൽ ഏർപ്പെടുന്ന ഒരുപിടി വ്യക്തികൾ അടിത്തട്ടിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ തീരുമാനങ്ങൾ എടുക്കുന്ന സ്ഥിതിയാണുള്ളത്. ഇത് തനിക്ക് ധാർമികമായി അംഗീകരിക്കാൻ കഴിയാത്തതും യോജിച്ചുപോകാൻ സാധിക്കാത്തതുമാണ്–- ഷെർഗിൽ പറഞ്ഞു.
കോൺഗ്രസിൽ നിലവിൽ കാര്യങ്ങൾ തീരുമാനിക്കുന്നവരുടെ ആശയഗതികൾ യുവാക്കളുടെ താൽപ്പര്യങ്ങളുമായി ചേർന്നുപോകുന്നതല്ലെന്ന് ഷെർഗിൽ മാധ്യമങ്ങളോട് പറഞ്ഞു. അടിത്തട്ടിലെ യാഥാർത്ഥ്യങ്ങൾ അവർ തിരിച്ചറിയുന്നില്ല. സോണിയയെയും രാഹുലിനെയും പ്രിയങ്കയെയും കാണാൻ ഒരു വർഷമായി ശ്രമിക്കുന്നു. കോൺഗ്രസ് ഓഫീസിൽ പോലും പ്രവേശനം നിഷേധിക്കുകയാണ്. കഴിഞ്ഞ എട്ടുവർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്നു. കോൺഗ്രസിൽ നിന്ന് താൻ യാതൊന്നും നേടിയിട്ടില്ല. കൊടുത്തിട്ടേയുള്ളൂ. ഇന്നിപ്പോൾ നേതാക്കളോട് ഒട്ടിനിക്കുന്നവർക്ക് മുന്നിൽ മുട്ടുമടക്കാൻ നിർബന്ധിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. മുഖസ്തുതിക്കാരും പാദസേവകരും ചിതലുകളെ പോലെ കോൺഗ്രസിനെ കാർന്നുതിന്നുകയാണ്–- വേണുഗോപാലിനെയും മറ്റും പരോക്ഷമായി കുറ്റപ്പെടുത്തി ഷെർഗിൽ പറഞ്ഞു.