കൊച്ചി > ഒന്നരവയസുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് കൊച്ചുത്രേസ്യ എന്ന പി എം സിപ്സിയാണ് (50) പള്ളിമുക്കിലെ ലോഡ്ജില്‍ 22നു രാത്രി മരിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ ജോൺ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്സി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ മറ്റ് അസ്വാഭാവികതകളില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മാര്‍ച്ച് എട്ടിനാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്സിയുടെ പേരക്കുട്ടിയായ ഒന്നരവയസുകാരി നോറ മരിയ കൊല്ലപ്പെട്ടത്. സിപ്സിയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെയും സിപ്സിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങി നിരവധി കേസുകളിലും ഇവർ പ്രതിയാണ്.