ന്യൂഡൽഹി> ഹാഥ്രസിൽ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്കാപ്പന്റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ഗൂഢാലോചനക്കേസിൽ ജാമ്യംനിഷേധിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് എതിരെയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖിന് വേണ്ടി ഹാജരായ അഡ്വ. ഹാരീസ്ബീരാൻ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വെള്ളിയാഴ്ച്ചത്തേക്ക് ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ്ജസ്റ്റിസ് എൻ വി രമണ പ്രതികരിച്ചു. 2020 ഒക്ടോബറിൽ യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് രണ്ടുവർഷത്തോളമായി ജയിലിലാണ്. സിദ്ദിഖ്കാപ്പന് ഹാഥ്രസിൽ പോകേണ്ട കാര്യമില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. തനിക്ക് എതിരെ യുഎപിഎ ചുമത്തിയതിനെ സാധൂകരിക്കുന്ന ഒന്നും എഫ്ഐആറിലോ കുറ്റപത്രത്തിലോ ഇല്ലെന്ന് സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.
കൃത്യമായ കാരണങ്ങളോ വിശദീകരണങ്ങളോ ഇല്ലാതെയാണ് ഹൈക്കോടതി തന്റെ ജാമ്യാപേക്ഷ തള്ളിയത്. വ്യാജആരോപണങ്ങൾ ഉന്നയിച്ച് തന്നെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സിദ്ദിഖ്കാപ്പൻ ചൂണ്ടിക്കാണിച്ചു.