മുംബൈ
ഏഷ്യ കപ്പ് ക്രിക്കറ്റിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു. ടൂർണമെന്റിനായി യുഎഇയിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള പരിശോധനയിലാണ് വൈറസ്ബാധ കണ്ടെത്തിയത്. സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് വിട്ടുനിന്ന ദ്രാവിഡ് വിശ്രമത്തിലായിരുന്നു. വി വി എസ് ലക്ഷ്മണിനായിരുന്നു പകരംചുമതല.
ദ്രാവിഡ് നിരീക്ഷണത്തിലാണെന്നും കോവിഡ് മാറിക്കഴിഞ്ഞാലുടൻ ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു. നാൽപ്പത്തൊമ്പതുകാരൻ തിരിച്ചെത്തുംവരെ ലക്ഷ്മണിനെ ടീമിനൊപ്പം നിലനിർത്താനുള്ള ആലോചനയുണ്ട്. ശനിയാഴ്ച യുഎഇയിലാണ് ഏഷ്യ കപ്പ് ട്വന്റി–-20 ടൂർണമെന്റ് തുടങ്ങുന്നത്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യകളി. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. സെപ്തംബർ പതിനൊന്നിനാണ് ഫൈനൽ.