ടോക്യോ
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ മൂന്നാംറൗണ്ടിൽ. വനിതാ സിംഗിൾസ് ഒന്നാംറൗണ്ടിൽ ഹോങ്കോങ്ങിന്റെ ചെയുങ് ങാൻ യിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തു. സ്കോർ: 21-–1-9, 21–-9. മുപ്പത്തെട്ട് മിനിറ്റുകൊണ്ട് മുൻ ലോക ഒന്നാംനമ്പറുകാരിയായ സൈന എതിരാളിയെ കീഴടക്കി. അടുത്ത റൗണ്ടിലെ എതിരാളി നസോമി ഒകുഹാര പരിക്കുകാരണം പിൻമാറിയതിനാൽ സൈനയ്ക്ക് മൂന്നാംറൗണ്ടിലേക്ക് നേരിട്ട് യോഗ്യത കിട്ടി.
വനിതാ ഡബിൾസിൽ മലയാളിതാരം ട്രീസ ജോളിയും കൂട്ടുകാരി ഗായത്രി ഗോപിചന്ദും ജയം നേടി. ആദ്യ റൗണ്ടിൽ മലേഷ്യയുടെ ലൊ യീൻ യുവാൻ–-വലേരീ സിയോവ് സഖ്യത്തെ മറികടന്നു (21-–-11, 21-–-13). അശ്വിനി ഭട്ടും ശിഖ ഗൗതവും രണ്ടാംറൗണ്ടിലേക്ക് മുന്നേറി. മിക്സഡ് ഡബിൾസിൽ ഇഷാൻ ഭട്നഗർ–-താനിഷ ക്രാസ്റ്റോ, വെങ്കട്ട് ഗൗരവ് പ്രസാദ്–-ജൂഹി ദേവാങ്ക കൂട്ടുകെട്ടും പുരുഷ ഡബിൾസിൽ കൃഷ്ണ പ്രസാദ് ഗാർഗയും വിഷ്ണുവർധൻ ഗൗഡ് പഞ്ചലയും പുറത്തായി. ഇന്ന് പുരുഷ സിംഗിൾസ് രണ്ടാംറൗണ്ടിൽ മലയാളിതാരം എച്ച് എസ് പ്രണോയ്, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ ഇറങ്ങും.