ന്യൂഡൽഹി
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ലോക ഫുട്ബോൾ സംഘടനയായ ഫിഫയുടെ വിലക്ക് നീക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിച്ച് ഫെഡറേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി സുനന്ദോ ധർ ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൗറക്ക് കത്തയച്ചു.
ഫിഫയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതാണ് കോടതി നിർദേശങ്ങളെന്ന് കത്തിലുണ്ട്. ഫെഡറേഷൻ ഭരണത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ പൂർണമായും ഒഴിവാക്കി. അതിനായി താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിച്ചു. അതിനാൽ എത്രയുംവേഗം വിലക്ക് നീക്കണം. എന്നാൽ മാത്രമേ ഇന്ത്യൻ ഫുട്ബോളിന് വീണ്ടും ജീവൻവയ്ക്കൂയെന്നും കത്തിൽ പറഞ്ഞു.
എഐഎഫ്എഫ് ഭരണത്തിൽ സുപ്രീംകോടതിയുടെയും താൽക്കാലിക ഭരണസമിതിയുടെയും ഇടപെടലുകളാണ് ഫിഫയെ ചൊടിപ്പിച്ചത്. ആഗസ്ത് 15ന് വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയുടെ എല്ലാ രാജ്യാന്തര മത്സരങ്ങളും മുടങ്ങി. ഗോകുലം കേരളയുടെ വനിതാ ക്ലബ്ബിനാണ് ആദ്യ തിരിച്ചടി നേരിട്ടത്. എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ ടീമിന് മടങ്ങേണ്ടിവന്നു. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ വിദേശത്തെ പരിശീലനമത്സരങ്ങളും മുടങ്ങി. വിലക്ക് തുടർന്നാൽ ഒക്ടോബറിലെ അണ്ടർ 17 വനിതാ ലോകകപ്പും നടത്താനാകില്ല. ഇക്കാര്യം പ്രത്യേകം പരാമർശിച്ചാണ് സുപ്രീംകോടതി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.