കൊച്ചി
ഉറ്റചങ്ങാതിയും സുഹൃത്തുമായ ഭാവന അഭിനയിച്ച ഹ്രസ്വചിത്രം പ്രകാശിപ്പിക്കുന്നതിൽ സന്തോഷം പങ്കുവച്ച് നടി മഞ്ജുവാര്യർ. അന്താരാഷ്ട്രതലത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ സഹസ്ഥാപനമായ മൈക്രോ ചെക്കിനുവേണ്ടിയാണ് ദി സർവൈവൽ ക്യാമ്പയിനിൽ നടി ഭാവന അഭിനയിക്കുന്നത്.
പോരാട്ടത്തിന്റെ പാതയിൽ കൈകോർക്കണമെന്ന സന്ദേശവുമായെത്തുന്ന ഹ്രസ്വചിത്രം മഞ്ജുവാര്യർ പ്രകാശിപ്പിച്ചു. അർബുദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തുന്ന ക്യാമ്പയിനാണ് ‘ദി സർവൈവൽ’. ആദ്യഘട്ടത്തിൽ സ്തനാർബുദ പരിശോധനയും ഗർഭാശയ സ്ക്രീനിങ്ങുമാണ് ദി സർവൈവലിൽ നടത്തുക.
വ്യക്തിജീവിതത്തിൽ അർബുദത്തെ തൊട്ടരികിൽനിന്ന് കണ്ടിട്ടുണ്ടെന്ന് മഞ്ജുവാര്യർ ഓർമിച്ചു. അർബുദത്തെക്കുറിച്ചുള്ള ഭയാശങ്കകൾ മറ്റേണ്ട കാലമായി. പ്രാരംഭത്തിൽത്തന്നെ മികച്ച ചികിത്സ ലഭിച്ചാൽ രോഗത്തിൽനിന്ന് പൂർണമുക്തി നേടാം. സ്ത്രീകൾ അർബുദപരിശോധനയ്ക്ക് തയ്യാറാകണമെന്നും മഞ്ജുവാര്യർ പറഞ്ഞു.
സർവൈവൽ ക്യാമ്പയിന്റെ ഭാഗമായി വിദഗ്ധ വനിതാ ടെക്നിഷ്യൻമാർ വീടുകളിലെത്തി ലിക്വിഡ് ക്രിസ്റ്റൽ കോൺടാക്ട് തെർമോഗ്രഫി എന്ന നൂതന പരിശോധന നടത്തുമെന്ന് ജെൻ വർക്സ് സഹസ്ഥാപകനും കാൻ ഇന്റർനാഷണൽ ഗ്രൂപ്പ് സിഇഒയുമായ ഡോ. സി കെ നൗഷാദ് പറഞ്ഞു. റേഡിയേഷനോ വേദനയോ ഉണ്ടാകില്ലെന്നതാണ് പരിശോധനയുടെ പ്രത്യേകത. മൈക്രോ ചെക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റഹീസ് അബ്ദുല്ല, ചെയർമാൻ സി സുബൈർ, കെ പി അബ്ദുൾ ജമാൽ, എം ആർ മുഹമ്മദ് അലി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.