ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ തുരത്തി മാഞ്ചസ്റ്റർ യുണെെറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്. ഓൾഡ് ട്രഫോർഡിൽ 2–1നായിരുന്നു യുണെെറ്റഡിന്റെ ജയം. ഇതൊരു യുഗത്തിന്റെ തുടക്കമെന്നായിരുന്നു പരിശീലകൻ എറിക് ടെൻ ഹാഗിന്റെ പ്രതികരണം. ബ്രൈറ്റണിനോടും ബ്രെന്റ്ഫോർഡിനോടും തകർന്നടിഞ്ഞ യുണെെറ്റഡിന്റെ മനോഹരമായ തിരിച്ചുവരവായിരുന്നു കണ്ടത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്യാപ്റ്റൻ ഹാരി മഗ്വയറും ടെൻ ഹാഗിന്റെ ടീമിൽ ഉണ്ടായിരുന്നില്ല. റൊണാൾഡോ അവസാനനിമിഷമാണ് കളത്തിലെത്തിയത്.
മറുവശത്ത് ലിവർപൂൾ സീസണിലെ മോശം പ്രകടനം തുടർന്നു. ആദ്യ ജയത്തിനായുള്ള കാത്തിരിപ്പിലാണ് യുർഗൻ ക്ലോപ്പിന്റെ സംഘം. പരിക്കും പ്രതിരോധത്തിന്റെ മങ്ങിയ പ്രകടനവും ലിവർപൂളിനെ ബാധിച്ചു.കളിയുടെ 16–-ാംമിനിറ്റിൽ ജെയ്ഡൻ സാഞ്ചോയുടെ ഗോളിൽ യുണെെറ്റഡ് ഓൾഡ് ട്രഫോർഡിനെ ഉണർത്തി. രണ്ടാംപകുതിയിൽ മാർകസ് റാഷ്ഫഡും ലക്ഷ്യം കണ്ടതോടെ ലിവർപൂൾ പ്രതിരോധം തീർന്നു. അവസാനഘട്ടത്തിൽ മുഹമ്മദ് സലായുടെ ഗോളിൽ അവർ ആശ്വാസം കണ്ടു.
കഴിഞ്ഞ സീസണിൽ 5–0നും 4–0നുമാണ് ലിവർപൂൾ യുണെെറ്റഡിനെ തോൽപ്പിച്ചത്. ഇക്കുറി യുണെെറ്റഡ് തിരിച്ചടിച്ചു. സാഞ്ചോയും ആന്തണി ഇലങ്കയും ലിവർപൂൾ പ്രതിരോധത്തെ ചിതറിച്ചു. അവരുടെ ഗോളടിക്കാരൻ സലായെ ലിസാൻഡ്രോ മാർട്ടിനെസ് പൂട്ടി. മുനയൊടിഞ്ഞ മുന്നേറ്റമായിരുന്നു ലിവർപൂളിന്. ഡാർവിൻ ന്യൂനെസിന്റെ അഭാവം ബാധിച്ചു. പ്രതിരോധത്തിൽ വിർജിൽ വാൻഡിക്കിന്റെ മോശം പ്രകടനം ക്ലോപ്പ് സംഘത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. സാഞ്ചോയുടെ ഗോളിനുമുന്നിൽ വാൻ ഡിക്ക് കാഴ്ചക്കാരനാകുകയായിരുന്നു.
മത്സരത്തിനുമുമ്പ് റയൽ മാഡ്രിഡിൽനിന്ന് എത്തിയ മധ്യനിരക്കാരൻ കാസെമിറോയെ യുണെെറ്റഡ് ഓൾഡ് ട്രഫോർഡിൽ അവതരിപ്പിച്ചിരുന്നു.
റൊണാൾഡോയും മഗ്വയറും ടീമിന്റെ നായകരാണെന്നായിരുന്നു മത്സരശേഷം ടെൻ ഹാഗിന്റെ പ്രതികരണം.