മയാമി
ഇന്ത്യൻ ചെസിലെ പുതിയ സൂപ്പർതാരമാണ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൗമാരക്കാരൻ അത്ഭുതകരമായ നേട്ടങ്ങളാണ് സൃഷ്ടിച്ചത്. ലോക ഒന്നാംനമ്പർ താരമായ മാഗ്നസ് കാൾസണെ മൂന്നുതവണ തോൽപ്പിച്ച് തമിഴ്നാട്ടുകാരൻ ചരിത്രംകുറിക്കുന്നു. മയാമിയിൽ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലായിരുന്നു അവസാന ജയം. മയാമിയിൽ കാൾസൺ ചാമ്പ്യനായപ്പോൾ പ്രഗ്യാനന്ദയ്ക്കായിരുന്നു രണ്ടാംസ്ഥാനം. ചാമ്പ്യൻഷിപ്പിനുശേഷം കാൾസൻ പ്രഗ്യാനന്ദയെ പ്രശംസിച്ചു.
‘എന്തുകൊണ്ടും യോഗ്യനാണ്. അത്ര നല്ല പ്രകടനമായിരുന്നു അവന്റേത്. അപാരമായ കഴിവും ആത്മസമർപ്പണവുമുണ്ട്. അതിയായ സന്തോഷം’– കാൾസൺ ട്വിറ്ററിൽ കുറിച്ചു. ഒരു പോയിന്റ് വ്യത്യാസത്തിലായിരുന്നു കാൾസൺ ചാമ്പ്യനായത്. നോർവെക്കാരന് 16ഉം പ്രഗ്യാനന്ദയ്ക്ക് 15ഉം. കാൾസനെ കൂടാതെ മറ്റ് വമ്പൻമാരെയും ഇന്ത്യൻ താരം തോൽപ്പിച്ചു.ഈ വർഷത്തെ രണ്ടാമത്തെ മികച്ച നേട്ടമാണ് ഈ പതിനേഴുകാരന്റേത്. പ്രഗ്യാനന്ദ ഉൾപ്പെട്ട ടീം ചെസ് ഒളിമ്പ്യാഡിൽ വെങ്കലം നേടിയിരുന്നു.